SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

അർജുൻ ആയങ്കി 3 ദിവസം കസ്റ്റഡിയിൽ

READ ENGLISH VERSION
1

കണ്ണൂർ: ആഭ്യന്തരമന്ത്രിയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച കേസിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കണ്ണൂർ സൈബർ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസം അനുവദിച്ചു. വെള്ളിയാഴ്ച 11.30 വരെയാണ് കസ്റ്റഡി കാലാവധി. ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു ഫോൺ കൈയിൽ വെച്ച ആയങ്കി അന്വേഷണസംഘത്തെ വഴി തെറ്റിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്. മൊബൈൽ ഫോൺ ദേഹപരിശോധന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും വ്യാജ തെളിവുണ്ടാക്കാനാണ് ശ്രമമെന്നും കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പേരോ ഐ.എം.ഇ.ഐ നമ്പറോ ബ്രാൻഡോ ഒന്നും പറയാതെ മറ്റൊരു ഫോണായ ഐ ഫോൺ 16 പ്രോ കണ്ടെത്തണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടത്. പ്രതിയിൽ നിന്ന് എങ്ങനെയാണ് ഐ ഫോൺ 16 പ്രൊ ഈ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചതെന്ന് കസ്റ്റഡി ഒബ്ജക്ഷനിൽ പ്രതിഭാഗം ഉന്നയിച്ചു. അത് കോടതിക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് അഞ്ച് ദിവസത്തെ കസ്റ്റഡി കൊടുക്കാതെ മൂന്ന് ദിവസം അനുവദിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ ഹാരിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയും ഊ‌ർജ്ജിതമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അന്വേഷിക്കുന്നുണ്ട്.

എല്ലാം ചെയ്തത് ഞാനാണ്

“ എല്ലാം ചെയ്തത് ഞാനാണ്, ഇതേ പറയാനുള്ളൂ” എന്നായിരുന്നു കോടതിയിൽ നിന്നും പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ അർജുൻ ആയങ്കിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN, CUSTODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA