
കൊച്ചി: എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് ചർച്ചചെയ്യാൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ വിളിച്ചിട്ടുള്ള ഇന്നത്തെ യോഗത്തിൽ കോറോ ഹെൽത്ത് കമ്പനിയുടെ ഉന്നതർ പങ്കെടുക്കുന്നതിൽ അവ്യക്തത. പങ്കെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.
കാക്കനാട്ട് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11നാണ് യോഗം. പങ്കെടുക്കണമെന്ന് കാണിച്ച് കോറോ ഹെൽത്ത് ഡയറക്‌ടർമാർക്ക് ഇ-മെയിലും പാലാരിവട്ടത്തെ ഓഫീസിൽ നേരിട്ട് നോട്ടീസും നൽകിയിട്ടുണ്ട്. തൊഴിലാളികളെയും തൊഴിലുടമയെയും കേട്ട ശേഷം തീരുമാനിക്കണമെന്ന ഹൈക്കോടതി ഉത്തരവും കൈമാറി. ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോറ ഹെൽത്തിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു. ജീവനക്കാരുടെ നാല് പ്രതിനിധികൾ പങ്കെടുക്കും. ലേബർ കമ്മിഷണർ സഫ്‌ന നസിറുദ്ദീൻ, തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
മുൻകൂർ നോട്ടീസോ നഷ്‌ടപരിഹാര പാക്കേജോ ഇല്ലാതെയും തൊഴിൽ വകുപ്പിനെ അറിയിക്കാതെയുമുള്ള കൂട്ടപ്പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്.
പിരിച്ചുവിട്ട ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കാൻ ഇന്നലെയും കമ്പനി അനുവദിച്ചില്ല.
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കോർപ്പറേറ്റുകളുടെ ധാർഷ്ട്യത്തിനെതിരെയും ഐ.ടി മേഖലയിൽ പോരാട്ടങ്ങൾ ഉയർന്നുവരണം. ജീവനക്കാരുടെ തൊഴിലും ജീവിതവും സംരക്ഷിക്കാൻ സി.ഐ.ടി.യു ഒപ്പമുണ്ടാകും.
വി. ശിവൻകുട്ടി
മുൻ തൊഴിൽ മന്ത്രി
സർക്കാരിന് അപേക്ഷ നൽകാതെ കമ്പനി അടച്ചുപൂട്ടുന്നത് നിയമവിരുദ്ധമാണെന്നും, തൊഴിലാളികൾക്ക് നിലവിലുള്ള എല്ലാ അവകാശ, ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്നുമാണ് ലേബർ കോഡ് പറയുന്നത്. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വാങ്ങി നൽകാൻ സർക്കാർ തയ്യാറാകണം.
കെ.വി. മധുകുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
ബി.എം.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |