
ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനം നിർണായകം
ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി കവർച്ചചെയ്ത കേസിൽ കുട്ടിക്കുറ്റവാളികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് എടുക്കുന്ന തീരുമാനം നിർണായകമാകും.
പ്രതികൾക്ക് 18വയസ് തികയാത്തതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടിയുണ്ടാകേണ്ടതെങ്കിലും കുറ്റത്തിലെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് ഇളവ് നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഈ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗീകരിച്ചാൽ പ്രതികൾക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടിവരും.
ആസൂത്രണവും ഗൗരവവും കൃത്യം നിറവേറ്റിയ രീതിയും ക്രൂരതയും അക്കമിട്ട് നിരത്തിയ പൊലീസ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കവർച്ചയിലും കൊലപാതകത്തിലും നേരിട്ട് പങ്കെടുത്ത രണ്ടും മൂന്നും നാലും പ്രതികളെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കരുവാറ്റയിൽ താമസിക്കുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ശിവൻകുട്ടിയുടെ ചെറുമകളായ 13 വയസുള്ള എട്ടാം ക്ലാസുകാരിയാണ് കാമുകന് ക്വട്ടേഷൻ നൽകി കൃത്യം നടത്തിയത്. കാമുകനും രണ്ടാംപ്രതിയുമായ പരവൂർ സ്വദേശിയായ പ്ളസ്ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17 വയസുകാരായ രണ്ടുപേർ എന്നിവരാണ് മറ്റു പ്രതികൾ.
കൂടുതൽ വ്യക്തതയ്ക്ക് പൊലീസ്
പെൺകുട്ടിക്ക് ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്താനുള്ള വിരോധത്തിന്റെ കാരണങ്ങളും തെളിവുകളും കണ്ടെത്തുകയും കൊലപാതകത്തിന്റെയും കവർച്ചയുടെയും ആസൂത്രണം, കൃത്യം നടത്തിയ രീതി, സംഭവശേഷം രക്ഷപ്പെട്ടുപോകൽ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം. അലമാര കുത്തിത്തുറക്കാനുപയോഗിച്ച സ്ക്രൂഡ്രൈവറിലെ വിരലടയാളം താരതമ്യം ചെയ്യുന്നതിന് പ്രതികളുടെ വിരലടയാളവും ശേഖരിക്കണം. രണ്ട് മുതൽ നാലുവരെ പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഒന്നാം പ്രതിയായ എട്ടാം ക്ളാസുകാരിയെ കസ്റ്റഡിയിൽ വാങ്ങുക. ശിവരാമൻ ചെട്ടിയാരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുൾപ്പെടെ പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |