
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയ ജനങ്ങളെ ഭയക്കുന്ന അവസ്ഥയിലെത്തി. കേരളകൗമുദി സംഘടിപ്പിച്ച ആന്റി നാർക്കോട്ടിക്സ് കോൺക്ലേവ് കഴക്കൂട്ടം അൽസാജ് അമരാന്തയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും മാതൃകയാകേണ്ട അദ്ധ്യാപകർ മയക്കുമരുന്നിന്റെ വിൽപ്പനക്കാരും സൂത്രധാരന്മാരും ആകുന്നത് അപകടകരമാണ്. ശാസ്ത്രീയമായ നിലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു കഴിഞ്ഞദിവസം പേരാമ്പ്രയിൽ അറസ്റ്റിലായ അദ്ധ്യാപികമാർ ചെയ്തിരുന്നത്. ഈകേസിൽ പ്രധാന പ്രതിയെ രണ്ടു ദിവസത്തിനകം പിടികൂടും. മയക്കുമരുന്നു കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതിലധികവും പെൺകുട്ടികളാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്.
സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. പെൻഷൻ തുകവരെ ആരെങ്കിലും ഉണ്ടാക്കുന്ന തട്ടിപ്പ് സ്ഥാപനത്തിൽ ഒരു പരിശോധനയുമില്ലാതെ കൊണ്ടിടുകയാണ്. തട്ടിപ്പ് നടത്തിയവർ ഒരു കുഴപ്പവുമില്ലാതെ സമൂഹത്തിൽ നടക്കുന്നു. നിരവധി സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നത്. ഇതിനെതിരെ ഭരണനടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് മന്ത്രി എം.ലിജു മുഖ്യപ്രഭാഷണം നടത്തി. സെറീന ബോട്ടിക് എം.ഡി ഷീല ജയിംസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷനായി. ജ്യോതിസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജ്യോതിസ് ചന്ദ്രൻ, ഷീല ജയിംസ്, കേരളകൗമുദി ചീഫ് മാനേജർ എസ്.വിമൽകുമാർ എന്നിവർ തൂഫാൻ വോറിയർ ബാഡ്ജും ഫ്ളാഗും ഏറ്റുവാങ്ങി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതം പറഞ്ഞു. ജനറൽ മാനേജർ ഷിറാസ് ജലാൽ സംസാരിച്ചു.
ഷീല ജയിംസ്, ബി സിക്സ് കാറ്ററിംഗ് എം.ഡി വി.സുനുകുമാർ എന്നിവർക്ക് ആഭ്യന്തരമന്ത്രി കേരളകൗമുദിയുടെ ഉപഹാരം നൽകി. രമേശ് ചെന്നിത്തലയ്ക്കും എം.ലിജുവിനും കേരളകൗമുദിയുടെ സ്‌നേഹാദരം വി.എസ്.രാജേഷ് സമ്മാനിച്ചു. കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി ജനറൽ മാനേജർ അയ്യപ്പദാസ് നന്ദി പറഞ്ഞു. പ്രശസ്ത മനോരോഗ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ. അരുൺ ബി.നായർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
'കേരളകൗമുദി ജനം
ഇഷ്ടപ്പെടുന്ന പത്രം'
കേരളകൗമുദി ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ദിനപത്രമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. എന്നും സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ടിട്ടുള്ള പത്രമാണ്. ഓപ്പറേഷൻ തൂഫാനു കേരളകൗമുദി അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |