SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

ആകാശത്തും നിരത്തിലും കൊള്ള! 10,000 രൂപയുടെ വിമാന ടിക്കറ്റിന് 82,000

READ ENGLISH VERSION

flight-

മലപ്പുറം: ഓണമാഘോഷിക്കാനെത്തിയ ഗൾഫ് പ്രവാസികളുടെയും അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെയും നെഞ്ചിൽ തീ കോരിയിട്ട് ടിക്കറ്റ് കൊള്ള. വിമാനക്കമ്പനികളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും പലയിരട്ടി നിരക്കാണ് ഈടാക്കുന്നത്. ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജോലിയെ ബാധിക്കുമെന്ന പ്രവാസികളുടെ അവസ്ഥ വിമാനകമ്പനികൾ മുതലെടുക്കുന്നു. കുടുംബസമേതം മടങ്ങേണ്ട പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായിട്ടുണ്ട്. നാലംഗങ്ങളുള്ള ഒരുകുടുംബത്തിന് ദുബായിലേക്ക് മടങ്ങാൻ മൂന്നുലക്ഷം രൂപയിലധികം വേണ്ടിവരും. പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് സർവീസുകൾ

വെട്ടിക്കുറച്ചതും യാത്രാദൈർഘ്യം കൂടിയതുമാണ് നിരക്ക് വർദ്ധനവിന് കാരണമായി വിമാന കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലേക്ക് 10,​000,​

ഗൾഫിലേക്ക് 82,​000!

തിരുവോണ ദിവസമായ ആഗസ്റ്റ് 26ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർഅറേബ്യയിൽ 10,344 രൂപ, ഇൻഡിഗോയിൽ 11,673, ഇത്തിഹാദിൽ 12,376 എന്നിങ്ങനെയാണ് നിരക്ക്. എന്നാൽ അതേദിവസം കൊച്ചിയിൽ നിന്ന് ദുബായിലേക്ക് മടങ്ങാൻ എമിറേറ്റ്സിന് 82,500, ഫ്‌ളൈദുബായ് 68,900, എയർഅറേബ്യ 64,500, ഇൻഡിഗോ 59,900, എയർ ഇന്ത്യ എക്സ്പ്രസ് 58,500 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഈ സമയത്ത് കേരളത്തിലേക്ക് യാത്രക്കാർ കുറവായതുകൊണ്ടാണ് നിരക്ക് കുറച്ചത്.


യാത്രാനിരക്ക് 26 മുതൽ 29 :

(എയർ ഇന്ത്യ എക്സ് പ്രസ്)​

റൂട്ട്..............................................നിരക്ക്

കോഴിക്കോട്-ദുബായ്................43,​000-72,​000

കൊച്ചി-ദുബായ്.........................44,​500-73,300

കണ്ണൂർ- ദുബായ്.........................48,500 -66,000

തിരുവനന്തപുരം-ദുബായ്........46,​500-65,​000

കോഴിക്കോട്-ജിദ്ദ.......................42,200-66,900

കോഴിക്കോട്-ദോഹ................. 50,478-52,751

കൊച്ചി-അബൂദാബി..................30,​000-47,​600

തിരുവനന്തപുരം-അബൂദാബി..38,​500-47,​500

കോഴിക്കോട്-അബൂദാബി..........35,​500-42,​500

കൊച്ചി-റിയാദ്..............................32,​500-36,​000

തിരുവന്തപുരം-റിയാദ്.................46,​000-50,​000

കോഴിക്കോട്-ജിദ്ദ...........................65,​000-67000

(എയർഇന്ത്യയേക്കാൾ 10,​000 രൂപയിലധികം കൂടുതലാണ് വിദേശ വിമാനങ്ങളിൽ)​

നിരത്തിലും കൊള്ള

തിരുവോണത്തിന് പിറ്റേന്ന് കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ട്രെയിനിൽ കൺഫേം ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്താണ് സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടിയത്. സാധാരണ 1200-1600 രൂപ ഈടാക്കുന്ന എറണാകുളം- ബംഗളൂരു റൂട്ടിൽ ഈ മാസം 26ന് 2700 മുതൽ 3200 രൂപ വരെ നൽകണം

എ.സി സ്ലീപ്പർ നിരക്ക്

തിരുവനന്തപുരം-ബംഗളൂരു....................... 2300- 3300

കോഴിക്കോട്-ബംഗളൂരു................................1600-2100

തിരുവനന്തപുരം-ചെന്നൈ...........................2700-3000

കൊച്ചി- ചെന്നൈ............................................2700-3500

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA