
കൊച്ചി: സംസ്ഥാനത്തിന് ഔദ്യോഗികമായി 'കേരളം" എന്ന പേര് സ്വന്തമാകുക കൂടി ചെയ്തതോടെ ഫോണ്ടുകൾക്കും നല്ല കാലം.
പത്തുവർഷം മുമ്പ് 'ട്രോളുകളുടെ" ആശാന്മാരായെത്തിയ തൃശൂർ ഗഡികളായ ഐ.ടി വിദഗ്ദ്ധരാണ് പൊന്നോണസമ്മാനമായി
140ലേറെ സൗജന്യഫോണ്ടുകൾ തയ്യാറാക്കിയത്. തിര, സ്‌നേഹം, മഴവില്ല്, ഓളം, ആഴം, തനിമ, മിന്നൽ തുടങ്ങിയ പേരുകളിലുള്ള ഫോണ്ടുകൾ 'മലയാളം ഇമേജ് എഡിറ്റർ" ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതുവരെയുള്ള ഡൗൺലോഡ് 36 ലക്ഷത്തിലേറെ.
ഫോണ്ടുകൾ എളുപ്പം തയ്യാറാക്കാനുള്ള സോഫ്റ്റ് വെയർ മൂന്നുമാസം മുമ്പാണ് വികസിപ്പിച്ചത്. ഓരോ 'തീമിനും" യോജിച്ച ഫോണ്ടുകൾ ഫ്‌ളക്‌സ് ബോർഡുകൾ, ക്ഷണപത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ ഉപയോഗിക്കാം.
സ്‌കൂൾചങ്ങാതിമാരായ തൃശൂർ പുതുക്കാട് സ്വദേശികളായ അഖിൽ കെ. ശേഖരൻ, പി.ഡി. യതീന്ദ്രരാജ്, ബിമൽ പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് 2016ൽ തുടങ്ങിയത്. 'ബിഗ് ഡേറ്റ്‌സ്' എന്ന സ്റ്റാർട്ടപ്പ് സംരംഭമായി കൊച്ചിയിൽ വളർന്നു.
സിംഗപ്പൂരിൽ ഐ.ടി എൻജിനീയറിംഗ് കഴിഞ്ഞ അഖിലിനോട് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പറവൂർ സ്വദേശി രതീഷ് ആർ. മേനോനാണ് ട്രോളുടെ സാദ്ധ്യത പറഞ്ഞത്. മലയാളതാരങ്ങളുടെ ഭാവങ്ങൾ ഉൾപ്പെടുത്തിയുളള ആപ്പിലായിരുന്നു തുടക്കം. ഇതിൽ വാചകങ്ങൾ ടൈപ്പ് ചെയ്തുചേർക്കാം. ഇത് ഹിറ്റായതോടെ ഫോണ്ടുകളിലായി ശ്രദ്ധ.
കെ.സി.ബ്രൂട്ടസ്, ഷാരോൺ ബാബു, അഞ്ജലി സ്റ്റാലിൻ, കെ.എ. എറിക്‌സൺ, കെ.എസ്. സനൽ, എം.എ. റോഷ്‌നി, ലിയ ജോബി, സാന്ദ്ര ബൈജു, ക്രിസ്റ്റോ ബാബു എന്നിവരും സംഘത്തിലുണ്ട്.
ആശയം തരൂ, രണ്ടുദിവസത്തിനകം റെഡി
ആശയം തന്നാൽ യോജിച്ച ഫോണ്ട് രണ്ടുദിവസത്തിനകം നൽകും. മാസത്തിൽ ചുരുങ്ങിയത് അഞ്ച് ഫോണ്ടുകൾ തയ്യാറാക്കുന്നുണ്ട്. വൻതോതിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് വർഷം 799 രൂപയാണ് ഫീസ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ഫോണ്ടുകൾ തയ്യാറാക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |