
മലപ്പുറം/നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴിയും കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയും കടത്താൻ ശ്രമിച്ച നാലു കോടിയോളം രൂപ വിലവരുന്ന സ്വർണം ഡി.ആർ.ഐ സംഘം പിടികൂടി. ഒരേ ഇടപാടിലാണ് രണ്ടും വന്നതെന്നാണ് നിഗമനം.
എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ റാസൽഖൈമയിൽ നിന്നെത്തിയ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഫാറൂഖിനെ (34) കോഴിക്കോട് ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തു. റാസൽഖൈമയിൽ നിന്നുള്ള വിമാനത്തിൽ മൂന്നു മക്കളുമായാണ് ഇയാൾ ചൊവ്വാഴ്ച കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിനു പുറത്തേക്കു കടക്കാൻ ശ്രമിച്ച ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ പ്രത്യേക പൊതിയിലാക്കിയ നിലയിൽ സ്വർണമിശ്രിതം കണ്ടെത്തിയത്. പിതാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെ ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം അടങ്ങിയ പൊതികൾ കണ്ടെത്തി.
ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിൽ നിന്നാണ് 2.86 കോടി രൂപയുടെ സ്വർണമിശ്രിതം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ റാസൽ ഖൈമയിൽ നിന്നെത്തിയ ഷരീഫ ബീവിയിൽ നിന്നാണ് ഇത് പിടികൂടിയത്. 1955 ഗ്രാം തൂക്കമുള്ളതാണിത്. ഷരീഫയെ അങ്കമാലി കോടതിയിൽ ഹാജരാക്കി കാക്കനാട് വനിത ജയിലിൽ റിമാൻഡ് ചെയ്തു.
കുഞ്ഞിന്റെ അമ്മ നേരത്തേ പിടിയിൽ
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയ സംഭവത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവിനെ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘം കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |