
തിരുവനന്തപുരം: പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 19ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് അദ്ദേഹം 21ാം നൂറ്റാണ്ടിൽ പറയുന്നത്. സർക്കാരിനും പാർട്ടിക്കും പ്രസ്താവനയോട് ഒരുതരത്തിലും യോജിപ്പില്ല.
സ്ത്രീകൾ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇസ്ലാമിക ചരിത്രവും അതാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വലിയ ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യയായ ആയിഷ 'ജമൽ' യുദ്ധത്തിൽ പങ്കെടുത്ത സർവ സൈന്യാധിപയായിരുന്നു. ഇസ്ലമാമിക ചരിത്രത്തിൽ പറയുന്ന ബിൽക്കീസ് രാജ്ഞിയായിരുന്നു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹ്ർ (സ്ത്രീകൾക്ക് നൽകേണ്ട വിവാഹമൂല്യം) കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ചോദ്യം ചെയ്തത് സ്ത്രീയായിരുന്നുവെന്നാണ് ചരിത്രം. നീതിമാനായ ഖലീഫ ഉമർ അത് അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജസദസ്സിൽ പോലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചേന്തി അനിലിനെ അറിയില്ല, പൊലീസ്
സ്വമേധയാ എടുത്ത കേസ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ചേന്തിയിൽ വച്ച് തന്നെ ആരും വഴിയിൽ തടഞ്ഞതല്ലെന്നും പ്രവർത്തകരും നേതാക്കളും നിൽക്കുന്നത് കണ്ട് വണ്ടി നിറുത്തിയതാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. അവിടെ മോശം പെരുമാറ്റമുണ്ടായി. അതിന്മേൽ പൊലീസ് സ്വമേധയാ കേസ് എടുത്തതാണ്. കേസിലെ മുഖ്യപ്രതി ചേന്തി അനിലിനെ അറിയില്ലെന്നും
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. അനിലിന്റെ ഭാര്യ കോർപ്പറേഷൻ കൗൺസിലറായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ അവർ അന്തരിച്ചു. അന്ന് അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചേന്തി അനിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പ്രദേശത്തെ കോൺഗ്രസ് നേതാക്കളും പൊലീസും അറിയിച്ച സാഹചര്യത്തിലാണ് അവിടത്തെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. രണ്ടാഴ്ച മുൻപുതന്നെ എത്തില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നു. ചെമ്പഴന്തി ഗുരുകുലത്തിലെ ശ്രീനാരായണ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവേ ചില പാർട്ടി നേതാക്കൾ നിൽക്കുന്നതു കണ്ട് കാർ നിറുത്തി അവിടെ പുഷ്പാർച്ചന നടത്താൻ ഇറങ്ങുകയായിരുന്നു. എന്നാൽ, ഈ വ്യക്തി മോശമായി പെരുമാറുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്നു പുഷ്പാർച്ചന നടത്താതെ വണ്ടിയിൽ കയറി മടങ്ങുകയായിരുന്നു. ഡി.സി.സി അംഗമായിരുന്ന ചേന്തി അനിലിനെ ന്യായീകരിച്ച് മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് അടക്കം രംഗത്തു വന്ന സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു മുഖ്യമന്ത്രി പ്രതികരിച്ചില്ല.
മെസി വിവാദം: അന്വേഷണം
ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കായിക വകുപ്പ് പരാതി ഗൗരവമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ജി.എസ്.ടിയുടെ പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് തന്നെ അതിൻമേൽ നോട്ടീസ് കൊടുത്തിരുന്നു. പിന്നീട് മുൻപോട്ട് പോയില്ല. അതിപ്പോൾ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ റെയിൽവേ മന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയേയും റെയിൽവേ മന്ത്രിയേയും നേരിൽ കണ്ട് ചർച്ച നടത്തും.
നേപ്പാളിലെ പ്രളയദുരന്തത്തിൽ അകപ്പെട്ട നാല് മലയാളികളുടെ വിവരം ഇനിയും അറിയാനുണ്ട്. സർക്കാർ ഇടപെടൽ നടത്തിവരികയാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രളയത്തിനിരയായവർക്ക് അടിയന്തര സഹായമായ 10000 രൂപ വീതം അടുത്തയാഴ്ച വിതരണം ചെയ്യും. ആലപ്പുഴയിൽ മാത്രം 42000 പേരാണ് സഹായത്തിന് അപേക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |