
കൊച്ചി: പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് ആനുകൂല്യം ഉറപ്പാക്കുന്ന വിധത്തിൽ സംവരണപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടും സത്യവാങ്മൂലം സമർപ്പിക്കാത്തത് വീഴ്ചയാണെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് സംവരണാനുകൂല്യം പൂർണമായി ലഭിക്കും വിധം പട്ടിക
പുതുക്കാൻ സാമൂഹിക-സാമ്പത്തിക സർവേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കോടതി നിർദ്ദേശ പ്രകാരം കേന്ദ്ര സാമൂഹികനീതി വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഇത് പരിഹരിക്കണമെന്നും സെപ്തംബർ എട്ടിനകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും സംസ്ഥാന പിന്നാക്ക വികസന ഡയറക്ടർക്കും പിന്നാക്ക വിഭാഗ കമ്മിഷൻ സെക്രട്ടറിക്കും കോടതി കർശന നിർദ്ദേശം നൽകി.
ആറ് മാസത്തിനകം സർവേ നടത്തി സംവരണപ്പട്ടിക പുതുക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. എന്നാൽ 2021ലെ ഭരണഘടനാ ഭേദഗതിക്കു ശേഷം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് അർഹത നിശ്ചയിക്കാനും ,പ്രത്യേക പട്ടിക തയ്യാറാക്കാനും സംസ്ഥാനത്തിന് അധികാരമുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ 2023 മേയ് 23ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാന് കൈമാറിയതായും കേന്ദ്രം കോടതിയെ അറിയിച്ചു. ഇക്കാര്യം കമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ
കൂടി പരിഗണിച്ചു വേണം സർക്കാർ മറുപടി നൽകാനെന്ന് കോടതി നിർദേശിച്ചു. ഹർജി സെപ്തംബർ 11ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |