
കൊച്ചി: ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും സ്റ്റേചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. സ്ഥാനക്കയറ്റത്തെ തുടർന്നുള്ള സ്ഥലംമാറ്റ ഉത്തരവുകളിൽ ഇടപെടാൻ കോടതിക്കോ ട്രൈബ്യൂണലിനോ പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയാണിത്.
ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.വകുപ്പിന്റെ മെച്ചപ്പെട്ട ഭരണനിർവഹണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ സർക്കാരിന് അധികാരമുണ്ട്. പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയായിട്ടില്ല എന്നത് സ്ഥാനക്കയറ്റത്തെത്തുടർന്നുള്ള അടിയന്തര സ്ഥലംമാറ്റങ്ങൾ തടയാനുള്ള കാരണവുമല്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.
ജൂൺ ഒന്നിലെ സ്ഥലംമാറ്റ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചിരുന്നത്. ഇതിനെതിരെ സർക്കാരും ഒരു കൂട്ടം സർക്കാർ ഡോക്ടർമാരും നൽകിയ ഹർജികളിലാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.സ്ഥലംമാറ്റ ഉത്തരവിൽ ദുരൂഹതയോ പക്ഷപാതമോ ഉണ്ടെന്ന ഹർജിക്കാരുടെ വാദം ശരിവയ്‌ക്കാൻ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |