
കൊച്ചി: ശാരീരിക ക്ഷമതാ പരീക്ഷ പാസാകാത്ത ബോഡി ബിൽഡർമാരെ സായുധ പൊലീസ് ഇൻസ്‌പെക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് അഭിഭാഷകൻ കെ.എം.ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ചോദ്യം. വിവരം മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിയിരുന്നോ, നിയമന സമിതിയിലെ രണ്ട് എ.ഡി.ജി.പിമാരിൽ ഒരാൾ വിയോജിച്ചിട്ടും നിയമനം എങ്ങനെ നടന്നുവെന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് എടുത്ത തീരുമാനമാണോ ഇത്. മാനദണ്ഡം പാലിച്ചിട്ടില്ലെങ്കിൽ അത് ക്രമക്കേടാണ്. നിങ്ങളുടെ ചീഫ് സെക്രട്ടറി, മന്ത്രിസഭയ്ക്ക് പുറത്ത് എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് അറിയാമെന്നും കോടതി വിമർശിച്ചു. അതേസമയം കഴിഞ്ഞ സർക്കാരിലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിയമനമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി വിശദീകരിച്ചു. നിയമനം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. അതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടെങ്കിലും കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി ഇളവ് തേടി. ഇരുവരും സർവീസിൽ പ്രവേശിച്ചിട്ടില്ല. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല ഇതെന്നും സർക്കാർ വിശദീകരിച്ചു.
രാജ്യാന്തര കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ആദരം നൽകുന്ന വ്യവസ്ഥയിലാണ് നിയമനമെന്ന് ഷിനുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോൾ ഔദ്യോഗിക കായിക മത്സരമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജിക്കാരന് മറുപടി നൽകാനുള്ളതിനാൽ തിങ്കളാഴ്ച പരിഗണിക്കും. എതിർ കക്ഷിയായ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ശ്രീജിത്തിന്, കേസ് പരിഗണനയിലിരിക്കേ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെ നേരത്തെ കോടതി വിമർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |