
കൊച്ചി: ഓർത്തോഡോക്സ്-യാക്കോബായ സഭാ തർക്കമുള്ള ആറ് പള്ളികളിൽ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സിലെ വികാരിമാർക്ക് നൽകിയ പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. 2023 ജനുവരി 31ലെ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സിവിൽ കോടതിയിൽ കൈവശാവകാശം സ്ഥാപിക്കാതെ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കുന്നത് ശരിയല്ലെന്ന മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. പള്ളി സ്വത്തിന്റെ അവകാശം സംബന്ധിച്ച് ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
പാലക്കാട് ചെറുകുന്നം,എരിക്കിൻചിറ,മംഗലംഡാം,കൊല്ലം മുഖത്തല,എറണാകുളം ഓടക്കാലി,കാക്കൂർ ആട്ടിൻകുന്ന് എന്നീ പള്ളികളുമായി ബന്ധപ്പെട്ടായിരുന്നു അപ്പീൽ. കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ബന്ധപ്പെട്ട പള്ളികളുടെ നടത്തിപ്പ് സംബന്ധിച്ചാണു സുപ്രീംകോടതിയുടെ ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി.
അപ്പീൽ തള്ളിയ ഹൈക്കോടതിവിധി ആശ്വാസകരമാണെന്ന് യാക്കോബായസഭ അറിയിച്ചു. തർക്കങ്ങൾ പരിഹരിക്കാനുള്ള തുടക്കമായി ഉത്തരവിനെ കാണുന്നതായി ശേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് ജോസഫ് പറഞ്ഞു. സർക്കാർ മുൻകൈയെടുക്കുന്ന ചർച്ചകളിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഇടപെടാം
സഭാ തർക്കം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഫലപ്രദമാകട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു. നിരന്തരം പ്രശ്നമുണ്ടാകുന്ന പശ്ചാത്തലത്തിൽ സർക്കാരിന് ഇടപെടാവുന്നതാണ്. സഭാതർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |