
കൊച്ചി: കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം. സി.ബി.ഐ ഉദ്യോഗസ്ഥർ നിരന്തരം വിളിപ്പിച്ചു പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി.യു. അരുൺ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണം. ചോദ്യം ചെയ്യൽ നിയമപരമായ രീതിയിലാകണമെന്നും കോടതി നിർദ്ദേശിച്ചു. എട്ടുവർഷം കഴിഞ്ഞിട്ടും അന്വേഷണം അനിശ്ചിതമായി തുടരുകയാണ്. ജൂലായ് മൂന്നിന് ഹർജി പരിഗണിച്ചപ്പോൾ, അന്വേഷണ റിപ്പോർട്ട് നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച കവറിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സി.ബി.ഐ ചൂണ്ടിക്കാട്ടിയത് കണക്കിലെടുത്ത് ഹർജിക്കാരന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല.
തിരുവനന്തപുരം സി.ബി.ഐ.യൂണിറ്റ് ഡിവൈ.എസ്.പി നിരന്തരം വിളിച്ചുവരുത്തി ദ്രോഹിക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മൊബൈൽ ഫോണും രേഖകളും സി.ബി.ഐ.ക്ക് കൈമാറി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് ഉൾപ്പെടെ ശാസ്ത്രീയപരിശോധനകൾക്ക് വിധേയനായി. തന്നെ സംശയത്തോടെ കാണുന്നു. ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ ചോദ്യം ചെയ്യുന്നു. രണ്ട് തവണ ജോലി നഷ്ടപ്പെട്ടെന്നും ഗുരുതര മാനസികപ്രശ്‌നമുണ്ടായെന്നും അറിയിച്ചു.
2018 മാർച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സി.ബി.ഐ ഏറ്റെടുത്തത്.
നാല് മാസത്തിനകം വിധി പറയണം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊന്ന കേസിലെ വിചാരണ നാലു മാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ നടപടികൾ നീളുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ വട്ടവട സ്വദേശി ഭൂപതി നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒമ്പത് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ 2025 ജനുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ കഴിഞ്ഞമാസമാണ് നടപടിയാരംഭിച്ചത്. സാക്ഷി വിസ്താരത്തിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. 2018 ജൂലായ് രണ്ടിന് അർദ്ധരാത്രി 12.30നാണ് മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് അഭിമന്യു കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |