
കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ ഭൂപടം അടിമുടി മാറി. എൽ.ഡി.എഫ് ആറ് സീറ്റുകൾ നേടി മുന്നേറ്റം നിലനിറുത്തിയെങ്കിലും യു.ഡി.എഫ് അഞ്ചിടങ്ങളിൽ നേടിയ വിജയം സി.പി.എമ്മിന് ആഘാതമായി. 2021ൽ പതിനൊന്നിൽ 9 സീറ്റും നേടിയ മേധാവിത്തമാണ് തകർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ആറു റൗണ്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് പിടിച്ചത് ഇടതുക്യാമ്പിൽ ആശങ്കയായി. ഏഴാം റൗണ്ടിലാണ് പിണറായി ലീഡ് പിടിച്ചത്. ഒടുവിൽ ജയിച്ചെങ്കിലും ഭൂരിപക്ഷം 50,000ൽനിന്ന് 19,000ആയി.
ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശം വിമതരുടെ വിജയമാണ്. പയ്യന്നൂരിൽ സി.പി.എം മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് 7,487 വോട്ടിന് ജയിച്ചു. തളിപ്പറമ്പിലും പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ വിജയിച്ചപ്പോൾ,സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരായ പ്രതിഷേധം ജനവിധിയായി. കെ.കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനോട് വലിയ മാർജിനിൽ പരാജയപ്പെട്ടു.
കണ്ണൂർ,ഇരിക്കൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പയ്യന്നൂർ,തളിപ്പറമ്പ് എന്നിവ പിടിച്ചടക്കിയത് യു.ഡി.എഫിന് നേട്ടമായി. കല്ല്യാശ്ശേരി,തലശ്ശേരി,കൂത്തുപറമ്പ്,അഴീക്കോട്,മട്ടന്നൂർ മണ്ഡലങ്ങൾ എൽ.ഡി.എഫ് നിലനിറുത്തിയെങ്കിലും ഭൂരിപക്ഷത്തിൽ ഇടിവ് രേഖപ്പെടുത്തി.
ആകെ സീറ്റ്- 11
2026
എൽ.ഡി.എഫ്-06
യു.ഡി.എഫ്-05
എൻ.ഡി.എ-00
2021
എൽ.ഡി.എഫ്-09
യു.ഡി.എഫ്-02
എൻ.ഡി.എ-00
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |