SignIn
Kerala Kaumudi Online
Monday, 25 May 2026 4.10 AM IST

ഖേൽക്കറുടെ നിയമനം: ആയുധമാക്കി പ്രതിപക്ഷം

ds

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ.രത്തൻ യു.ഖേൽക്കറുടെ നിയമനം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും. ഇന്നലെ അവധി ദിനമായിട്ടും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഖേൽക്കർ ചുമതലയേറ്റു. അതേസമയം,​ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിന് വേണ്ടി പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിച്ചെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇതെന്നും സി.പി.എം പറയുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ ഉയർത്തുമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പാക്കിയ ഉദ്യോഗസ്ഥരെയാണ് ബി.ജെ.പി ഭരണകൂടങ്ങൾ ഉപദേഷ്ടാക്കളാക്കുന്നത്. ആ വഴിയിലൂടെയാണോ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന ആശങ്കയും ബിനോയ് വിശ്വം ഉയർത്തി.

ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ സെക്രട്ടറിയാക്കിയതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തെപ്പറ്റി ഒന്നും പറയാനില്ലേ എന്നാണ് ബി.ജെ.പിയിലെ വി.മുരളീധരൻ എം.എൽ.എയുടെ ചോദ്യം. എന്നാൽ,​ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നുമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അപ്രതീക്ഷിതം

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥൻ രാജമാണിക്യം വരുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാൽ,​ രാജമാണിക്യം താത്പര്യക്കുറവ് കാട്ടി. അതോടെ അപ്രതീക്ഷിതമായാണ് ഖേൽക്കറുടെ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെന്ന നിലയ്ക്ക് ഖേൽക്കർ കാട്ടിയ നിഷ്പക്ഷ സമീപനവും സൗമ്യതയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചകളിലും മറ്റും വ്യക്തമായതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്ക് ഏറ്റവും പ്രാപ്തമാക്കാൻ ഖേൽക്കറുടെ സേവനം ഉതകുമെന്ന കണക്കുകൂട്ടലിലാണ് നിയമനമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA