
മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്ന് ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, എൻജിനിയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, എസ്കവേറ്റർ ഓപ്പറേറ്റർ ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ ലഭിച്ചത്. സോൺ മൂന്നിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി എംബാമിംഗിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്രി. മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിൽ കാണാതായ എട്ടുപേരിൽ ആറുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇവ പോസ്റ്റുമോർട്ടത്തിനുശേഷം എംബാം ചെയ്ത് ബന്ധുക്കൾക്ക് കൈമാറി.
ഇന്നലെ കാലാവസ്ഥ അനുകൂലമായിരുന്നു. മീനാക്ഷി പുഴയിലെ കുത്തൊഴുക്കിന്റെ ശക്തി കുറഞ്ഞു. മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, പി.കെ.ബഷീർ എന്നിവർ തെരച്ചിലിന് മേൽനോട്ടം വഹിച്ചു.
മേഖലയിൽ മഴ തുടരുന്നതിനാൽ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പി.കെ. ബഷീർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മണ്ണുനീക്കം ചെയ്താൽ കൂടുതൽ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തൽ. സുരക്ഷിതമായി സ്വീകരിക്കാനാകുന്ന നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണുനീക്കാൻ കമ്പനിക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലായ് ഒന്നിന് മണ്ണുനീക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രശ്നമൊന്നും ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അപകടത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നും ബഷീർ പറഞ്ഞു.
വീഴ്ച ഉദ്യോഗസ്ഥ തലത്തിലും
കെ.എൻ. സുരേഷ് കുമാർ
കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെ പ്രതിരോധിക്കുന്നതിലും മുൻകരുതലുകൾ എടുക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആക്ഷേപം. ഉത്തരവാദിത്വം കരാർ കമ്പനിയുടെ തലയിൽ വച്ച് തടി തപ്പാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
എന്നാൽ മണ്ണിടിച്ചിലിന്റെ ആഘാതം കുറഞ്ഞത് മണ്ണ് നീക്കിയ ഇടത്ത് തങ്ങൾ സംരക്ഷണ ഭിത്തി കെട്ടിയതുകൊണ്ടാണെന്നാണ് ബിൽഡ്കോൺ കമ്പനിയുടെ വാദം. നിർമ്മാണ സ്ഥലത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിൽ പ്രശ്നമായെന്നും ഇത് ഉരുൾപൊട്ടലാണെന്നുമാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ (കെ.ആർ.സി.എൽ) അധികൃതർ പറയുന്നത്.
മഴ ശക്തമാകുന്നതറിയാൻ പ്രദേശത്ത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചിരുന്നു. ജൂലായിൽ കള്ളാടി മേഖലയിൽ അതിശക്ത മഴ പ്രതീക്ഷിച്ചിരുന്നു. 222 മില്ലി മീറ്ററോളം മഴ രേഖപ്പെടുത്തിയിട്ടും അപകടത്തിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴയളവിന്റെ അടിസ്ഥാനത്തിൽ യാതൊരു നടപടിയുമെടുത്തില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
വകുപ്പു മേധാവിമാർ പങ്കെടുത്ത യോഗത്തിൽ സുരക്ഷ ഉറപ്പാക്കാൻ കരാർ കമ്പനിക്ക് നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നെന്ന് ഉറപ്പാക്കിയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം തങ്ങൾ ആവശ്യപ്പെട്ട സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ചെയ്തുകൊടുത്തില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.
യോഗം ചേരുന്നതിലും വീഴ്ച
പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിച്ചപ്പോൾ നിർദ്ദേശിച്ച എൻവയൺമെന്റൽ മാനേജ്മെന്റ് കമ്മിറ്റി കൃത്യമായി യോഗം ചേർന്നില്ലെന്നും ആക്ഷേപമുണ്ട്. പദ്ധതിയുടെ ഭാഗമായി കൂട്ടിയിട്ട മണ്ണിൽ വെള്ളം കെട്ടിനിൽക്കരുതെന്ന് ഉദ്യോഗസ്ഥർ കമ്പനിയോട് നിർദ്ദേശിച്ചെങ്കിലും നടപ്പാക്കിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |