
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വില്പന ഉൾപ്പെടെയുള്ള മദ്യനയ വിഷയങ്ങൾ പഠിക്കാൻ ഉപസമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ സ്വീകരിക്കുകയെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉപസമിതി റിപ്പോർട്ട് പരിശോധിച്ചശേഷം സർക്കാരിന് യു.ഡി.എഫ് ശുപാർശ നൽകും. അതാവും സംസ്ഥാന സർക്കാർ നടപ്പാക്കുക എന്നാണ് പ്രതീക്ഷ.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കുന്നതിന് ഓണത്തിനുശേഷം യു.ഡി.എഫ് സമ്പൂർണ ഏകദിന യോഗം ചേരും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിലാവും നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുക.
യു.ഡി.എഫ് പ്രകടനപത്രികയിലെയും സംസ്ഥാന ബഡ്ജറ്റിലെയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികളക്കുറിച്ചും യോഗം ചർച്ചചെയ്യും. ഭരണപരിഷ്കാരം, രണ്ടാം ഭൂപരിഷ്കരണം, വയോജന വകുപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ നിയമനിർമ്മാണ വിഷയങ്ങളിൽ സർക്കാരിന് സമർപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തയ്യാറാക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകും. സ്വകാര്യ, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കും. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ബോർഡ്, കോർപ്പറേഷൻ നിയമനം
സംസ്ഥാനത്തെ വിവിധ ബോർഡ് കോർപ്പറേഷനുകളിലെ നിയമനങ്ങൾ ഉടൻ നടത്തും. ഇതിനായി കോൺഗ്രസ് നിയോഗിക്കുന്ന സമിതി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കും. എൽ.ഡി.എഫ് പ്രതിനിധികൾ വഹിക്കുന്ന ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ അവർ സ്വമേധയാ രാജിവയ്ക്കുന്നതാണ് ഉചിതം. സർക്കാർ ഔദ്യോഗികമായി ബോർഡുകൾ പിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |