
അഡ്ഹോക് സമിതിക്കും വിലക്ക്
കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. കേരള പൊലീസ് അസോസിയേഷൻ (കെ.പി.എ) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, സർക്കാരിനും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നോട്ടീസയച്ചു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പൊലീസ് അസോസിയേഷനുകൾ പുനഃസംഘടിപ്പിക്കുന്നതിനു മതിയായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, കേരള സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ടായിരുന്നു സർക്കാർ ഉത്തരവ്. പകരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷനും എസ്.ഐ മുതൽ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള സീനിയർ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പുനസംഘടിപ്പിക്കാനായിരുന്നു നിർദ്ദേശം. സെപ്തംബർ 30നകം പുതിയ ഭരണസമിതി നിലവിൽ വരണമെന്നും അതുവരെ അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ മരവിപ്പിച്ച് അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഹർജി ആഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും.
സർക്കാരിനേറ്റ പ്രഹരം: ഗോവിന്ദൻ
പൊലീസ് അസോസിയേഷൻ കേസിലെ വിധി യു.ഡി.എഫ് സർക്കാരിന് ഏറ്റ പ്രഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അഴിമതിയിലൂടെ എല്ലാ മേഖലകളിലും സ്ഥലംമാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ് അസോസിയേഷനുകളുടെ നിയന്ത്രണം കോൺഗ്രസിന് കീഴിൽ കൊണ്ടുവരാനാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |