
കട്ടപ്പന: അസിസ്റ്റന്റ് സർജനായി ശരണ്യ മോഹൻ ജോലിയിൽ പ്രവേശിക്കുമ്പോൾ, ഒരു നാടിന്റെ സ്വപ്നവിജയംകൂടിയാവുകയാണത്. ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ.
വഴിപോലുമില്ലാത്ത കണ്ണംപടി വനമേഖലയിൽ നിന്നാണ് ശരണ്യ പഠിച്ചുവളർന്നത്. വനത്തിനുള്ളിലെ പുന്നപാറ ഊരിൽ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്. കുട്ടിക്കാലം മുതലേ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ - ഡോക്ടറാകണം. പലപല രോഗങ്ങളാൽ വലയുന്ന സ്വന്തം ജനങ്ങളെ ശുശ്രൂഷിക്കണം.
പത്താം ക്ലാസിൽ 90 ശതമാനവും പ്ലസ് ടുവിന് 88 ശതമാനവും മാർക്ക് വാങ്ങിയെങ്കിലും എം.ബി.ബി.എസ് എന്ന സ്വപ്നത്തിലേക്ക് എങ്ങനെ എത്തുമെന്ന ആശങ്കയുണ്ടായിരുന്നു. പ്ലസ്ടു കാലഘട്ടത്തിൽ സ്‌കൂളിൽ ലഭിച്ച പ്രവേശന പരീക്ഷാപരിശീലനം തുണയായി. 2019ലെ എൻട്രൻസിൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്കോടെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. എം.ബി.ബി.എസ് പരീക്ഷ ഫസ്റ്റ് ക്ലാസോടെ പാസായി. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ തേടിയെത്തിയത് ജന്മനാട്ടിലെ ആശുപത്രിയായ ഉപ്പുതറ സി.എച്ച്.സിയിലെ നിയമന ഉത്തരവ്. സി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ. മിനി മോഹന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചുമതലയേൽക്കുമ്പോൾ ശരണ്യയുടെ കണ്ണുകൾ നിറഞ്ഞു. അതിൽ സന്തോഷം മാത്രമല്ല, താൻ ജനിച്ചുവളർന്ന മണ്ണിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |