
തിരുവനന്തപുരം: 90% പേർക്കും ദന്തക്ഷയവും മോണരോഗവുമെന്ന് ഡെന്റൽ കൗൺസിൽ ഒഫ് കേരള, സർക്കാരിന് അവസാനമായി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും പ്രതിരോധ-ബോധവത്കരണം വേണമെന്ന ശുപാർശയിൽ നടപടിയില്ല.
കുട്ടികളിലും ദന്തരോഗം വ്യാപകമാകുമ്പോൾ, ബോധവത്കരണത്തിന് സീനിയറായ 23 ഡെന്റൽ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസർമാരാക്കണമെന്ന് 4 വർഷത്തിനിടെ ആരോഗ്യ വകുപ്പ് 2 തവണയാണ് ശുപാർശ സമർപ്പിച്ചത്. കൃത്യമായ ബോധവത്കരണവും പ്രതിരോധവും ഇല്ലാത്തതാണ് ദന്തരോഗികൾ കൂടാൻ കാരണമായി പറയുന്നത്. സ്‌കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമീണമേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ദന്തസംരക്ഷണത്തിൽ അവബോധം നൽകേണ്ട ഹൈജീനിസ്റ്റുകൾക്ക് അർഹമായ സ്ഥാനക്കയറ്റവും ചുമതലകളും നൽകാത്തത് ഈ മേഖലയിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
'ഹൈജീൻ ഓഫീസർ'മാരെ നിയോഗിക്കണം
പല്ല് ക്ലീനിംഗ്, പോളിഷിംഗ്, പൊതുജന ബോധവത്കരണം, ഡെന്റൽ ക്ലിനിക്കുകളുടെ ഏകോപന ചുമതല എന്നിവയാണ് ഡെന്റൽ ഹൈജീനിസ്റ്റ് നടത്തേണ്ടത്. പകരം ഡെൻറൽ ഡോക്ടറുടെ സഹായിയായി ഡെൻ്റൽ അസിസ്റ്റൻറ് ചെയ്യേണ്ട ജോലികൾ, പല്ല് ക്ലീനിംഗ് തുടങ്ങിയ ക്ലിനിക്കൽ പ്രവർത്തനങ്ങളാണിപ്പോഴുളളത്. ഇതിൽ മാറ്റം വേണമെന്നും ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നുമാണ് ആവശ്യം.
സീനിയർ ഡെന്റൽ ഹൈജീനിസ്റ്റുകളെ 'ഡെന്റൽ ഹൈജീൻ ഓഫീസർ'മാരായി തസ്തികമാറ്റം വഴി നിയോഗിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി കഴിഞ്ഞമാസം സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഗവ. ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലായിരുന്നു ഇടപെടൽ. ഇതിനുശേഷവും നടപടിയുണ്ടായില്ല.
നിയമസഭയിലും ഉറപ്പ്
ഡെന്റൽ കൗൺസിൽ ഒഫ് കേരളയുടെ റിപ്പോർട്ട് ദന്തസംരക്ഷണ മാർഗങ്ങളിൽ ഫലപ്രദമായ ബോധവത്കരണം അടിവരയിടുന്നു. ഡെന്റൽ ഹൈജീനിസ്റ്റുകളെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് നിയമസഭയിൽ സർക്കാർ നൽകിയ മറുപടികളിലും വ്യക്തമാക്കി. പക്ഷേ തുടർനടപടിയില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |