
തിരുവനന്തപുരം /ന്യൂഡൽഹി: ഭരണഘടനയിൽ കേരള എന്നത് 'കേരളം" എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്‌സഭ പാസാക്കി. പേരു മാറുമ്പോൾ 'ഗവൺമെന്റ് ഒഫ് കേരളം" എന്ന് ഇഗ്ലീഷിലും മലയാളത്തിൽ 'കേരളം സർക്കാർ" എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ, ലോഗോകൾ എന്നിവയെല്ലാം മാറ്റേണ്ടിവരും.
സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവയെല്ലാം പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോർഡ്- കോർപ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേർക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും. ഇതിനെല്ലാം വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവും.
പേര് മാറ്റൽ 'കോടതി" പ്രശ്നമാവും
സർവകലാശാലകളുടെ പേര് മാറ്റാൻ നിയമഭേദഗതി വേണ്ടിവരും. കോടതി വ്യവഹാരങ്ങളിലും സംസ്ഥാനത്തിന്റെ പേരുമാറും. ഇതുവരെയുള്ള കേസുകളിൽ ഗവൺമെന്റ് ഒഫ് കേരള എന്ന് രേഖപ്പെടുത്തിയിരുന്നത് അതേപടി തുടരും. എന്നാൽ പേരുമാറ്റം പ്രാബല്യത്തിലായ ശേഷം ഫയൽ ചെയ്യുന്ന കേസുകളിൽ ഗവൺമെന്റ് ഒഫ് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. കേരള ഹൈക്കോടതിയുടെ പേര് മാറാനിടയില്ല. ബോംബെ, മദ്രാസ്, കൽക്കട്ട, ഗോഹത്തി ഹൈക്കോടതികൾ ഇപ്പോഴും അതേ പേരിൽ തുടരുകയാണ്. ഹൈക്കോടതിയുടെ പേര് മാറ്റണമെങ്കിൽ പാർലമെന്റിൽ പ്രത്യേക നിയമനിർമ്മാണം വേണ്ടിവരും. അലഹാബാദ് നഗരത്തിന്റെ പേര് 'പ്രയാഗ്‌രാജ്' എന്ന് മാറ്റിയെങ്കിലും കോടതി ഇപ്പോഴും പഴയപേരിലാണ്. ഭരണഘടന ഭേദഗതിയാവശ്യമുള്ളതിനാൽ രാജ്യസഭയിലും ബില്ല് പാസാക്കേണ്ടതുണ്ട്. അതിനുശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെയേ പേരുമാറ്റം പ്രാബല്യത്തിൽ വരികയുള്ളൂ.
The Lok Sabha has passed a bill proposing to change the name of the state in the Constitution from “Kerala” to “Keralam.” If the change is implemented, official references would also be revised, including “Government of Keralam” in English and “കേരളം സർക്കാർ” in Malayalam. The state legislature would be referred to as the “Keralam Legislative Assembly.”
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |