
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഫുൾ സ്റ്റോപ്പില്ലെന്നും,പൊതുജീവിതത്തിൽ തുടരണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യ സഭയിൽ പറഞ്ഞു. ഇന്നലെ രാജ്യസഭയിൽ കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച യാത്രായപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏപ്രിൽ മുതൽ ജൂലായ് വരെ 59 രാജ്യസഭാംഗങ്ങളാണ് പടിയിറങ്ങുന്നത്.ജൂൺ 26ന് കാലാവധി അവസാനിക്കുന്ന ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ,ജൂൺ 12ന് കാലാവധി അവസാനിക്കുന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ,എൻ.സി.പി നേതാവ് ശരദ് പവാർ അടക്കമുള്ളവർക്കായിയാണ് ഇന്നലെ രാജ്യസഭയിൽ യാത്രയയപ്പ് സംഘടിപ്പിച്ചത്.
നേതാക്കളെ സംഭാവനകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.രാജ്യസഭ തുറന്ന സർവകലാശാലയാണ്.പുതിയ അംഗങ്ങൾ മുതിർന്നവരുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തണം. യോജിപ്പുകളും വിയോജിപ്പുകളും പാർലമെന്റിന് ഗുണകരമാണ്. പടിയിറങ്ങുന്നവരിൽ ചിലർ മടങ്ങിവരും.മടങ്ങിയെത്താൻ സാദ്ധ്യതയില്ലാത്തവരോട് പറയാനുള്ളത് രാഷ്ട്രീയത്തിൽ ഒന്നിനും അവസാനമില്ല എന്നാണെന്നും മോദി വ്യക്തമാക്കി.
'ഞങ്ങളെ പ്രേമിച്ചിട്ട് മോദിജിയെ കെട്ടി'
യാത്രയയപ്പ് പ്രസംഗത്തിൽ എച്ച്.ഡി. ദേവഗൗഡയെ കുത്തി മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിച്ചത് അംഗങ്ങൾക്കിടയിൽ ചിരി പടർത്തി. 54 വർഷമായി ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളെ പ്രേമിച്ചു. പക്ഷെ കല്യാണം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. വർഷങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ സഖ്യം വിട്ട് എൻ.ഡി.എയിലേക്ക് പോയതിനെയാണ് ഖാർഗെ പരിഹസിച്ചത്. ഇതുകേട്ട് മോദിയും പൊട്ടിച്ചിരിച്ചു. ആ സമയത്ത് ദേവഗൗഡ സഭയിലുണ്ടായിരുന്നില്ല. ഖാർഗെയുടെ പരാമർശമറിഞ്ഞ ഉടൻ പ്രസ്‌താവന പുറത്തിറക്കി. കോൺഗ്രസുമായി വിവാഹത്തിന് നിർബന്ധിതമായതാണ്. ദുരുപയോഗം ചെയ്യുന്ന ബന്ധമായിരുന്നു. അതിനാലാണ് വിവാഹമോചനം നേടിയതെന്നും ഖാർഗെയ്‌ക്ക് മറുപടി നൽകി. 2018ൽ മകൻ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ട് കോൺഗ്രസ് പിൻവലിഞ്ഞതും ഓർമ്മപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |