
തിരുവനന്തപുരം: എം പിമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്നും കേരളത്തിന്റെ വിഷയങ്ങൾ എം.പിമാരെ ബോധ്യപ്പെടുത്താൻ ഡൽഹിയിൽ ഫലപ്രദമായ സംവിധാനം വേണമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ നിർദ്ദേശം.
പദ്ധതികൾ എം.പിമാർക്ക് അതത് സമയത്ത് അപ്‌ഡേറ്റ് ചെയ്യാൻ തന്റെ ഓഫീസിൽ പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു . കേന്ദ്ര സ്‌കീമുകൾക്കായി ഒരു നോഡൽ ഓഫീസറെ കൂടി അഡിഷണലായി നിയമിക്കും.
സ്ട്രാറ്റജിക് പോർട്ട്, റെയിൽ ഹൈവേ കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് മാരിടൈം ലോജിസ്റ്റിക്‌സ്, എയർപോർട്ട് കാർഗോ എക്കോസിസ്റ്റം, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ, ഏവിയേഷൻ കപ്പാസിറ്റി എൻഹാൻസ്‌മെന്റ്, ഫിഷറീസ് എക്‌സ്‌പോർട്ട്, ഗ്രീൻ മാരിടൈം ഫ്യൂവൽ തുടങ്ങിയ പ്രോജക്ടുകളെല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഗവൺമെന്റ് വിശദമായി പരിശോധിച്ചിരുന്നു. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ലാതെ പ്രൊപ്പോസൽ കൊടുത്താൽ അംഗീകാരം ലഭിക്കില്ല. പോർട്ട്, ഷിപ്പിങ്, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ ടീം നന്നായി പരിശ്രമിച്ചാണ് ഈ പ്രോജക്ട് ഉണ്ടാക്കിയത്. അംഗീകാരം കിട്ടാൻ എം.പിമാർ പരിശ്രമിക്കണം.വിശദവിവരങ്ങൾ പാർലമെന്റ് തുടങ്ങുന്നതിന് മുൻപ് എല്ലാ എംപിമാർക്കും ലഭ്യമാക്കും.
എം.പിമാർ വിവിധ കമ്മിറ്റികളിൽ അംഗങ്ങളായതിനാൽ മൂന്നോ നാലോ പേരുള്ള ടീം രൂപീകരിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാവും. എല്ലാ പ്രൊപ്പോസലുകൾക്കും എല്ലാവരും കൂടി പോകുന്നതിന് പകരം, അതത് കമ്മിറ്റിയിലെ അംഗങ്ങളായവർ ആ വിഷയങ്ങൾ ലീഡ് ചെയ്യണം. നാഷണൽ ഹൈവേ പോലുള്ള പ്രധാന കാര്യങ്ങളിൽ എല്ലാ എം.പിമാരും കൂടി മന്ത്രിമാരെ കാണാൻ പോകുന്നതാകും ഉചിതം.
സംസ്ഥാന മന്ത്രിമാർക്കും എം.പിമാർക്കും പുറമെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം അംഗം ജോൺ ബ്രിട്ടാസും കോൺഗ്രസ് അംഗം ജെബി മേത്തറും എത്തിയില്ല.
ശബരിമല റോഡുകൾക്ക്
എൻ.എച്ച് പരിപാലനം
#ശബരിമലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം എൻ. എച്ച് ആക്കി പരിപാലിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
#മനുഷ്യ - വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം.
# കടമെടുപ്പ് പരിധി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട 1079 കോടിയുടെ കുടിശിക നേടിയെടുക്കാനും സമ്മർദ്ദം ചെലുത്തണം.
#വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡാണ് കേന്ദ്രത്തിന്റെ പരിഗണന കിട്ടേണ്ട മറ്റൊരു വിഷയം. 3251 കോടി സ്ഥലമെടുപ്പിന് സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്.
#മത്സ്യബന്ധന ബോട്ടുകളിലെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |