SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഡോ. എം.പി. പരമേശ്വരൻ ഓർമ്മയായി

c

തൃശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും, ശാസ്ത്ര പ്രചാരകനും, മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം.പി. പരമേശ്വരൻ (91) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തൃശൂർ കോട്ടപ്പുറത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അവശതകളെത്തുടർന്ന് ഏതാനും വർഷമായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും, ആൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‌വർക്കിന്റെയും സ്ഥാപക നേതാക്കളിലൊരാളാണ്. ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലി കവളപ്പാറയിൽ മടങ്ങർളി മനയ്ക്കൽ 1935 ജനുവരി 18ന് പരമേശ്വരൻ നമ്പൂതിരിയുടെയും മാടമ്പ് സാവിത്രി അന്തർജനത്തിന്റെയും മൂത്തമകനായാണ് ജനനം. പുല്ലൂർ മനയ്ക്കൽ ഭവാനിയാണ് ഭാര്യ. മക്കൾ: അരുൺ (യു.എസ്), വിപിൻ (മുംബയ്). മരുമക്കൾ: ശ്രീലത, ശ്രീജ.

തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1956ൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും 1965ൽ മോസ്‌കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനിയറിംഗിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975വരെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു.

1975 മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൽ മുഴുവൻ സമയ പ്രവർത്തകനായി. ഇ.എം.എസിന്റെ നിർദ്ദേശപ്രകാരം 'ചിന്ത" വാരികയുടെ പത്രാധിപരുമായി. 1984 വരെ ആ ചുമതലയിലുണ്ടായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. നിരവധി മാർക്‌സിയൻ സൈദ്ധാന്തിക കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സെൻ കമ്മിറ്റിയിൽ അംഗമായിരുന്നു.

കേരള സാഹിത്യ അക്കാഡമി ജി.എൻ.പിള്ള അവാർഡ്, ശ്രീപദ്മനാഭസ്വാമി സമ്മാനം, നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പുരസ്‌കാരം, ബുക്‌സ് ഫൊർ നിയോ ലിറ്ററേറ്റ്‌സ് അവാർഡ്, ബേസിക് ആൻഡ് കൾച്ചറൽ ലിറ്ററേച്ചർ അവാർഡ്, ബാലസാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവനാ പുരസ്‌കാരം, ചെറുകാട് അവാർഡ്, പ്രഥമ കേരളശ്രീ പുരസ്‌കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. രണ്ട് തവണ പദ്മ പുരസ്‌കാരവും ഒരിക്കൽ മാഗ്‌സസെ അവാർഡും നിഷേധിച്ചു. എം.പി. പരമേശ്വരന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റൈറ്റ് ലൈവ്‌ലി ഹുഡ് അവാർഡ്, യുണെസ്‌കോ ലിറ്റററി അവാർഡ്, യു.എൻ.ഇ.പി ഗ്ലോബൽ 500, വൃക്ഷമിത്ര തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്.

English Summary

Renowned nuclear scientist, science communicator and Marxist theoretician Dr. M.P. Parameswaran, 91, passed away at his residence in Kottappuram, Thrissur, at around 12:30 p.m. yesterday. He was widely known for his contributions to science popularisation and Marxist thought.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MP PARAMESWARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA