
ചെന്നൈ: അമിതമായ മൊബൈൽ ഉപയോഗത്തെത്തുടർന്ന് ഞരമ്പുകൾക്ക് പരിക്കേറ്റ നടി ഷക്കീലയ്ക്ക് കഴുത്തിൽ ശസ്ത്രക്രിയ. ചെന്നൈ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ഷക്കീല യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവായി. ഒരുവശത്തേക്ക് ചെരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്നത് ശീലമായിരുന്നു. ചായ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. വീണ്ടും ഗെയിമിലേക്കും സമൂഹ മാദ്ധ്യമങ്ങളിലേക്കും കടക്കും. ഈ ശീലം കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിച്ചു. നിലവിൽ നെക്ക് കോളർ ധരിച്ചിട്ടുണ്ട്. ദൈനംദിന കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഫോൺ ഉപകാരപ്രദമാണെന്നും എന്നാൽ ആവശ്യത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നും ഷക്കീല പറയുന്നു. തന്റെ വീഡിയോകൾ ഉൾപ്പെടെ ദീർഘനേരം കാണരുത്. കുട്ടികൾക്ക് ഫോൺ നൽകരുത്.
ശ്രദ്ധിച്ചില്ലെങ്കിൽ അസഹനീയ വേദനയും ലക്ഷക്കണക്കിനുരൂപയുടെ നഷ്ടവും സഹിക്കേണ്ടിവരുമെന്നും പറഞ്ഞു.
വരും ടെക്സ്റ്റ് നെക്ക്
സിൻഡ്രോം
ഒരു വ്യക്തി ദിവസവും രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്.
ഏറെ നേരം അനങ്ങാതെ ഫോണിൽ നോക്കുന്നതുകൊണ്ട് കൈത്തണ്ട, ചെറുവിരൽ, തോളുകൾ, നട്ടെല്ല് എന്നിവയ്ക്ക് അമിത സമ്മർദ്ദമുണ്ടാകുന്നു. ഗുരുതരമായ നാഡീ പ്രശ്നവുമുണ്ടാകും. സാധാരണ നട്ടെല്ലിന്മേൽ തല ചെലുത്തുന്ന ഭാരം അഞ്ച് കിലോയാണ്. എന്നാൽ തല 60 ഡിഗ്രി മുന്നോട്ട് ചെരിക്കുമ്പോൾ ഭാരം 27 കിലോയാകും. ഈ ഭാരം നട്ടെല്ലിന് താങ്ങേണ്ടിവരുമ്പോൾ കഴുത്തിന്റെ പിന്നിൽനിന്ന് തുടങ്ങുന്ന വേദനയാണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |