
തിരുവനന്തപുരം: പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകൾ കണ്ടെത്താൻ പി.എസ്.സിയിലെ രേഖകളും ഫയലുകളും വിളിച്ചുവരുത്താൻ ഐ.ജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) തീരുമാനിച്ചു. ഇവ ലഭ്യമാക്കാൻ പി.എസ്.സി സെക്രട്ടറിക്ക് കത്തുനൽകും.
ചോദ്യം തയ്യാറാക്കിയതിലും ഉത്തരക്കടലാസ് മൂല്യനിർണയത്തിലും അഭിമുഖം നടത്തിയതിലും രാഷ്ട്രീയ ഇടപെടലുണ്ടായ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), ഡിവൈ.എസ്.പി സ്പെഷ്യൽറിക്രൂട്ട്മെന്റ്, ആസൂത്രണബോർഡ് നിയമനങ്ങൾ എന്നിവ ആദ്യം അന്വേഷിക്കാൻ ഇന്നലെ രാത്രി ചേർന്ന അന്വേഷണസംഘത്തിന്റെ യോഗം തീരുമാനിച്ചു.
പ്രാഥമികാന്വേഷണം അതിവേഗം പൂർത്തിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. നൂറോളം പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
. അജിതാബീഗത്തിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്.പി സക്കറിയമാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി ജി.അജയ്‌നാഥ് എന്നിവരാണ് എസ്.ഐ.ടിയിലുള്ളത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനാണ് മേൽനോട്ടം.
നാലരലക്ഷം പേരെഴുതിയ കെ.എ.എസ് പ്രാഥമികപരീക്ഷയിൽ 12,000ഉത്തരക്കടലാസുകൾ ഒ.എം.ആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണമുണ്ടാക്കി പി.എസ്.സിയിലെ 21 ഉദ്യോഗസ്ഥരെക്കൊണ്ടാണ് മൂല്യനിർണയം നടത്തിച്ചത്. ഇത് ഗുരുതര ക്രമക്കേടാണെന്ന് എസ്.ഐ.ടി വിലയിരുത്തി.
നിയമനങ്ങളിൽ വഞ്ചന, വ്യാജരേഖ, ക്രിമിനൽ ഗൂഢാലോചന അടക്കം ആരോപിച്ചാണ് പരാതികൾ. മൂന്നുമുതൽ ഏഴുവർഷം വരെ ശിക്ഷകിട്ടാവുന്ന ഇത്തരം കേസുകളിൽ പ്രാഥമികാന്വേഷണം നിർബന്ധമാണ്. പ്രാഥമികാന്വേഷണത്തിനാണ് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നത്. എല്ലാ പരാതികളും പരിശോധിച്ച് കഴമ്പുള്ളവയിലെ എല്ലാ രേഖകളും പി.എസ്.സിയിൽ നിന്ന് വിളിച്ചുവരുത്താനാണ് എസ്.ഐ.ടി തീരുമാനം. ഉദ്യോഗാർത്ഥികൾക്ക് ഇനിയും പരാതികൾ നൽകാം. സർക്കാരിന് ലഭിക്കുന്ന പരാതികളെല്ലാം എസ്.ഐ.ടിക്ക് കൈമാറും.
രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ
പുരോഗതി റിപ്പോർട്ട്
അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് ആസ്ഥാനത്ത് നൽകണമെന്ന് എസ്.ഐ.ടി രൂപീകരിച്ച് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഇറക്കിയ ഉത്തരവിലുണ്ട്. എസ്.ഐ.ടിയിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് മേധാവിക്ക് നിയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |