ഒന്നാം റാങ്കുനൽകി 1.66 ലക്ഷം ശമ്പളത്തിൽ നിയമിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിൽ ഇടതു സംഘടനാനേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പി.എസ്.സി നടത്തിയത് കേട്ടുകേൾവിയില്ലാത്ത അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്. പി.എസ്.സിയിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും പങ്കുള്ള വൻഗൂഢാലോചനയാണ് നടന്നത്. കോഴയിടപാടും സംശയിക്കുന്നു.
ജലഅതോറിട്ടിയിലെ സി.പി.എം സംഘടനാനേതാവിനാണ് ഒന്നാംറാങ്ക് കിട്ടിയത്. നേതാവ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കി. ഇതോടെ ശരി ഉത്തരം എഴുതിയവർക്ക് പൂജ്യം മാർക്ക് നൽകിയതിനു സമാനമായ അവസ്ഥയുണ്ടായി.
എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ നിലവിലെ രണ്ടാം റാങ്കുകാരന്റെ മാർക്കിൽ നിന്ന് 53 മാർക്ക് താഴേക്ക് പോകുമായിരുന്നു നേതാവ്. ചുരുക്കപ്പട്ടികയിൽപ്പോലും ഇടംപിടിക്കാൻ യോഗ്യത ഇല്ലാത്തയാളാണ് 1,23,700- 1,66,800 ശമ്പളസ്കെയിലിൽ വിലസുന്നത്.
പരീക്ഷാവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരായ മൂന്നുപേരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. നേതാവിനു മാർക്ക് കിട്ടാത്ത 10 ചോദ്യങ്ങൾ ഓൺസ്ക്രീൻ മാർക്കിംഗിനായി ഇവർ കൈമാറിയില്ല. 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ നേതാവിനു അനധികൃത നിയമനം നൽകിയെന്നാണ് കേസ്. ആദ്യ പേപ്പറിലെ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതിരുന്നത്. 228ലേറെ ഉദ്യോഗാർത്ഥികൾക്കും ഈ ഉത്തരങ്ങൾക്ക് മാർക്ക് നൽകിയില്ല.
റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ മുഹമ്മ സ്വദേശിയായ ഉദ്യോഗാർത്ഥി വി.എസ്.ജയലാൽ ഉത്തരക്കടലാസിന്റെ പകർപ്പിനു അപേക്ഷിച്ചിരുന്നെങ്കിലും നിയമനം നടത്തി ഒരു വർഷമാകുമ്പോഴാണ് നൽകിയത്. ഉത്തരക്കടലാസ് കിട്ടിയപ്പോഴാണ് 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനേ മാർക്കിട്ടുള്ളൂവെന്ന് വ്യക്തമായത്.
ചെയർമാന് നോട്ടീസ്
ചോദ്യംചെയ്യാനായി പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിനും രണ്ടംഗങ്ങൾക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. അഭിമുഖം നടത്തിയത് ഇവരാണ്. നേതാവിനു അഭിമുഖത്തിൽ 40ൽ 36 മാർക്ക് കിട്ടി. രണ്ടാം റാങ്കുകാരന് 11മാർക്കുമാത്രം
ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരെ ചോദ്യംചെയ്തു. ഇവർ പ്രതികളായേക്കും. കമ്പ്യൂട്ടറുകളിലെ ലോഗുകൾ പിടിച്ചെടുത്തു. കൈക്കൂലിയിടപാട് കണ്ടെത്താനും അന്വേഷണമുണ്ട്
90 പരാതികൾ
പരീക്ഷാക്രമക്കേടുകളിൽ 90 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൂടുതൽ ഡിവൈ.എസ്.പിമാരെയും ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കും. ഐ.ജി അജീതാബീഗത്തിനാണ് നേതൃത്വം. അതേസമയം, പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണം നിലച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |