
തിരുവനന്തപുരം: 11 ദിവസമായി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാലനിരാഹാര സമരം പിൻവലിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനുമായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം വിജ്ഞാപനം ക്ഷണിക്കുന്നത് നിറുത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കാലാവധി നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒന്നര വർഷമാണ് പട്ടികയുടെ കാലാവധി. എച്ച്.റ്റി.വി തസ്തികയിൽ പി.എസ്.സിക്കാരെ നിയമിക്കണമെന്നതിലും തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തിലും കൂടുതൽ പഠനം നടത്താൻ സമയം വേണം. പ്രഥമ അദ്ധ്യാപകരുടെ നിയമനം നേരിട്ട് നടത്തുമ്പോൾ തസ്തികനിർണ്ണയം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും.
ഈ കാലയളവിൽ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിച്ച് 45 ദിവസത്തിനകം നടപ്പാക്കാമെന്നും മന്ത്രി അറിയിച്ചു. ഇത് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗീകരിച്ചു. നിരാഹാരം അനുഷ്ഠിച്ചിരുന്ന വളർമതിക്ക് മന്ത്രി കുടിനീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. സർക്കാർ നിലപാട് വിശ്വസിച്ച് കടുത്ത സമരങ്ങളിൽ നിന്ന് പിൻമാറുമെങ്കിലും സമരപ്പന്തലിൽ തുടരുമെന്ന് വളർമതി പറഞ്ഞു. പ്രതിപക്ഷപാർട്ടികൾ സമരം ഏറ്റെടുക്കാനിരിക്കെയാണ് സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായത്. പൊതു വിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡി.ജി.ഇ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |