
# പ്രളയ മുന്നറിയിപ്പ് രീതിയും മാറ്റണം
പത്തനംതിട്ട: പതിനഞ്ച് ദിനം പിന്നിട്ടിട്ടും നഷ്ടം സംഭവിച്ചവരുടെ കണക്കെടുക്കാൻ റവന്യു ഉദ്യോഗസ്ഥരെത്തിയില്ല. പ്രളയത്തിൽ നഷ്ടം സംഭവിച്ച റാന്നിയിലെ വ്യാപാര മേഖലയെ സഹായിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കുന്നതിൽ വീഴ്ച. അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനായിരം രൂപ അനുവദിച്ച് കഴിഞ്ഞ ആറിന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇതുവരെയും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2018ലും സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. പ്രളയത്തെ തുടർന്നെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ റാന്നിയിലെ വ്യാപാരി പ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചിരുന്നു. നികുതി, വായ്പാ ഇളവ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പും നൽകി. അതേസമയം, നിലവിലെ പ്രളയ മുന്നറിയിപ്പ് രീതിയിൽ വ്യാപാരികൾക്ക് എതിർപ്പുണ്ട്. ഡാമുകൾ തുറക്കുമെന്ന മുന്നറിയിപ്പ് രേഖകളിലൂടെ മാത്രം നൽകുന്നത് വ്യാപാരികൾക്ക് ലഭിക്കാറില്ല. മൂഴിയാർ ഡാം തുറന്നാൽ നാല് മണിക്കൂറിന് ശേഷമാണ് റാന്നിയിൽ വെള്ളമെത്തുന്നത്. ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റാനാകും.
2018ലെ നിർദ്ദേശം പരിഗണിച്ചില്ല
പ്രളയത്തിൽ നാശനഷ്ടമുണ്ടാകാതിരിക്കാൻ 2018ൽ വ്യാപാരികൾ നൽകിയ നിർദ്ദേശം പരിഗണിച്ചില്ല. നിർദേശങ്ങൾ ഇവയായിരുന്നു.
1. ദുരന്തനിവാരണ അതോറിറ്റി, വ്യാപാരികൾ, അമ്പലങ്ങൾ, പള്ളികൾ, സൗണ്ട് സിസ്റ്റം ഉടമകൾ എന്നിവരെ ഉൾപ്പെടുത്തി പ്രളയ മുന്നറിയിപ്പ് സംവിധാനം പരിഷ്‌കരിക്കണം. രാത്രിയായാലും അനൗൺസ്‌മെന്റ് നടത്തണം.
2. ഇരുപത്തിനാല് മണിക്കൂറും സജീവമായ മൂന്ന് വ്യാപാരികളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് ലഭിക്കണം.
3. പ്രളയകാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണം.
4. സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടത്തി പ്രളയം നേരിടാൻ മാർഗം ആവിഷ്‌കരിക്കണം.
5. നദികളിലെയും തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് ഒഴുക്ക് സുഗമമാക്കണം.
6. മണൽ അടിഞ്ഞ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യണം.
റാന്നിയിൽ വെള്ളം
ഉയർന്നത്
5.5 അടി
നഷ്ടം
475 വ്യാപാരികൾക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |