SignIn
Kerala Kaumudi Online
Monday, 31 August 2026 1.19 AM IST

കേരളകൗമുദി വിശ്വാസ്യത മുഖമുദ്രയാക്കുന്നു : മന്ത്രി റോജി എം.ജോൺ

rogy-m-john

ആലപ്പുഴ: ചില മാദ്ധ്യമങ്ങൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടിയപ്പോൾ, വസ്തുതകളിൽ അടിയുറച്ച് വിശ്വാസ്യത മുഖമുദ്രയാക്കുകയായിരുന്നു കേരള കൗമുദിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.ജോൺ പറഞ്ഞു. വസ്തുതാ - എഡിറ്റോറിയൽ പരിശോധനകളും സ്ഥിരീകരണവും പൂർത്തിയാക്കിയാണ് കേരളകൗമുദി വാർത്ത നൽകുന്നത്. കേരള കൗമുദിയുടെ 115-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട കേരളകൗമുദി കേവലം ഒരു പത്രമല്ല, ആ പൈതൃകത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച 1911ൽ, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു.

സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി വിവേചനത്തിനും അയിത്തത്തിനും എതിരെയുള്ള പോരാട്ടത്തിൽ ശക്തമായ ശബ്ദമായി. ജാതിരഹിത സമൂഹമെന്ന ശ്രീനാരായണ ഗുരുവിന്റെ സ്വപ്നത്തിനും സഹോദരൻ അയ്യപ്പന്റെ മിശ്രഭോജന പ്രസ്ഥാനത്തിനും പിന്തുണ നൽകി. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ ഉറച്ചുനിന്ന് പിന്തുണച്ചു. ജാതിയുടെ പേരിൽ മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്നതിനെതിരെ ശക്തമായ മുഖപ്രസംഗങ്ങളെഴുതി. സ്വാതന്ത്ര്യസമരത്തിലും സജീവമായി ഇടപെട്ടു. മഹാത്മാഗാന്ധിയുടെ കേരള സന്ദർശനം റിപ്പോർട്ട് ചെയ്യുകയും വൈക്കം സത്യഗ്രഹം പോലുള്ള ചരിത്ര പ്രക്ഷോഭങ്ങൾക്ക് വിപുല പ്രചാരം നൽകുകയും ചെയ്തു. കേരളത്തിലെ പത്രപ്രവർത്തന രംഗത്തെ മുൻഗാമികളിൽ ഒരാളായ കെ.സുകുമാരൻ മുഖ്യപത്രാധിപരായതോടെ പത്രം ദിനപത്രമായി. കാലത്തിനനുസരിച്ച് മാറാനാകുന്നതാണ് കേരളകൗമുദിയെ വ്യത്യസ്തമാക്കുന്നത്. അച്ചടി മാദ്ധ്യമത്തിനൊപ്പം കേരളകൗമുദി ഓൺലൈൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം, കൗമുദി ടി.വി എന്നിവയിലൂടെ കൂടുതൽ വൈവിദ്ധ്യവത്കരണത്തിലേക്ക് കടന്നു. കേരളകൗമുദി ആഴ്ചപ്പതിപ്പ് മലയാള സാഹിത്യരംഗത്തിന് നൽകിയ സംഭാവന വിസ്മരിക്കാനാവില്ല. ഒരു രാജ്യത്ത് മാദ്ധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് പൗരന്മാരാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം പിന്തുടർന്ന് ജനാധിപത്യത്തിന്റെ നാലാംതൂണായി നിലകൊള്ളുന്ന കേരളകൗമുദിയുടെ ശബ്ദം കൂടുതൽ ശക്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROGY M JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA