
, എൻട്രൻസ് പരീക്ഷ എഴുതാനാവാതെ നൂറിലധികം വിദ്യാർത്ഥികൾ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ശക്തം. ചിലയിടങ്ങളിൽ ബസ് സർവീസുകൾ തടസപ്പെട്ടു. കടകളടപ്പിക്കാനും വാഹനം തടയാനും ഹർത്താലനുകൂലികൾ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കണിയാപുരത്ത് റോഡ് തടഞ്ഞതുമൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് 130ഓളം വിദ്യാർത്ഥികൾക്ക് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ എൻജിനിയറിംഗ് എൻട്രൻസ് എഴുതാനായില്ല. ആറ്റിങ്ങൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടത്തിയ പരീക്ഷയിൽ കൃത്യസമയത്ത് എത്താനാവാത്തതിനെ തുടർന്നാണിത്. 280 വിദ്യാർത്ഥികൾക്കായിരുന്നു ഇവിടെ പരീക്ഷ സെന്റർ.
തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനു മുന്നിൽ ബസും ഓട്ടോയും കടത്തിവിടാൻ പൊലീസ് ശ്രമിച്ചത് തർക്കത്തിനിടയാക്കി. നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞവരെ അറസ്റ്റു ചെയ്തുനീക്കി. കൊല്ലം മുളവനയിൽ സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. കാരാളിമുക്കിൽ പരീക്ഷാ മൂല്യനിർണയത്തിനു പോയ അദ്ധ്യാപകരുടെ വാഹനം തടഞ്ഞു.
അടൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ചു. ആലപ്പുഴയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. തലവടിയിൽ സമരാനുകൂലികൾ പഞ്ചായത്ത് ഓഫീസ് അടപ്പിച്ചു. കോട്ടയത്ത് കടകളും ബാങ്കുകളും അടപ്പിച്ചു. മുണ്ടക്കയത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് അടപ്പിച്ചു. കട്ടപ്പന, കുമളി, തൊടുപുഴ എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ആക്ഷൻ കൗൺസിലിന്റെയും സംഘടനകളുടേയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി.
സ്വമേധയാ ഇടപെട്ട്
ഹൈക്കോടതി
കൊച്ചി: ഹർത്താലിൽ അക്രമസംഭവങ്ങളും വഴിതടയലും ഉണ്ടായതിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. കോടതിഅലക്ഷ്യ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ട് തേടി. 27 കേസുകൾ രജിസ്റ്റർ ചെയ്തെന്നും 90ലധികം പേരെ അറസ്റ്റുചെയ്‌തെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് വിഷയം വീണ്ടും പരിഗണിച്ചപ്പോൾ ഡി.ജി.പി അറിയിച്ചു. വിശദീകരണം റിപ്പോർട്ടായി നൽകാൻ കോടതി നിർദ്ദേശിച്ചു. തുടർനടപടികൾ പിന്നീടുണ്ടാകും.
ക്യാൻസർ രോഗിയെ തടഞ്ഞു
തിരുവല്ല : ആശുപത്രിയിലേക്ക് പോകാനെത്തിയ ക്യാൻസർ രോഗിയെയും ഭാര്യയെയും ഹർത്താൽ അനുകൂലികൾ തടഞ്ഞത് ബഹളത്തിനിടയാക്കി. അങ്കമാലിയിൽ നിന്ന് ഇന്നലെ രാവിലെ 8ന് തിരുവല്ല കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയതാണ് ഇവർ. തിരുവല്ലയിൽ നിന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകേണ്ടിയിരുന്നത്. ബസുകൾ തടഞ്ഞിട്ടതോടെ ഇവർ തിരുവല്ലയിൽ കുടുങ്ങി. തങ്ങളുടെ അവസ്ഥ സമരാനുകൂലികളുമായി പങ്കുവച്ചെങ്കിലും ബസ് വിടാൻ തയ്യാറായില്ല. ഇവരെ പിന്നീട് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ചു.
''നീതിക്കു വേണ്ടി ഹർത്താൽ അല്ല പരിഹാരം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒന്നും വേണ്ട. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല.
-രാജൻ,
നിതിൻരാജിന്റെ പിതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |