SignIn
Kerala Kaumudi Online
Friday, 10 July 2026 4.15 AM IST

സ്‌കൂളിന് ഫിറ്റ്നസ് ഇല്ലെങ്കിൽ അദ്ധ്യാപകർക്കും ശമ്പളമില്ല

a

തിരുവനന്തപുരം: ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സ്‌കൂളിൽ തസ്തിക നിർണയം നടത്തേണ്ടെന്നും ജൂലായ് 15 മുതൽ അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകൾക്ക് ഇത് ബാധകമാണ്.

രണ്ടു മാസത്തേക്ക് കാലാവധി നിശ്ചയിച്ച് നൽകിയ താത്കാലിക സർട്ടിഫിക്കറ്റ് മാത്രമാണ് സംസ്ഥാനത്തെ ചില സ്‌കൂളുകൾക്ക് ലഭിച്ചിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇത്തരം സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ സംശയം ഉന്നയിച്ചിരുന്നു. തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. തസ്തിക നിർണയ ഉത്തരവ് ഒരു വർഷത്തേക്കാണ് നൽകുന്നത്. അതത് അദ്ധ്യയന വർഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണയം. ഒരു മാസത്തേക്കോ രണ്ടു മാസത്തേക്കോ നൽകുന്ന താത്കാലിക സർട്ടിഫിക്കറ്റ് അദ്ധ്യയനം ആരംഭിക്കുന്നതിനു വേണ്ടി മാത്രം നൽകുന്നതാണ്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നതിനുമുമ്പ് ഒരു വർഷത്തേക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതാണ്. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കിൽ മാത്രം വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളിന്റെ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകിയാൽ മതിയാവും.

വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. നവീകരണമോ നിർമ്മാണ പ്രവൃത്തികളോ നടക്കുന്ന സ്‌കൂളുകളിൽ മുൻ വർഷത്തെ തസ്തികകൾ തുടരുന്നതിനാവശ്യമായ കുട്ടികളുണ്ടെങ്കിൽ 2025-26 ലെ തസ്തികകൾ തുടരാം. എന്നാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ തസ്തിക നിർണയിക്കേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കർശന നിർദ്ദേശങ്ങൾ

1. താത്കാലിക സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ ക്ലാസ് മുറിയായി ഉപയോഗിക്കാൻ പാടുള്ളൂ

2. ഒരു വർഷത്തേക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാൻ പാടില്ല

3. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകളിലെ അദ്ധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ തസ്തികയുള്ള സ്‌കൂളുകളിൽ മാറ്റി നിയോഗിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA