
# 'ശവസംസ്കാര' സമരം അതിക്രൂരം: സിസ തോമസ്
തിരുവനന്തപുരം: 'ശവമായി' പാളയിൽ എടുത്തുകൊണ്ടുവന്ന് `അയ്യോ ഞങ്ങളുടെ വി.സി ചത്തേ` എന്ന് അലമുറയിട്ടു. എന്റെ മുന്നിൽ കിടത്തി. ക്രിസ്ത്യൻ പുരോഹിതനെപ്പോലെ ഒരാളെത്തി ധൂപക്കുറ്റി വീശി. സംസ്കാര സമയത്ത് പാടുന്ന പാട്ടൊക്കെ പാടി. വിലാപയാത്രയായി പുറത്തേക്ക് കൊണ്ടുപോയി കുഴിച്ചിട്ടു. വൈസ് ചാൻസലറോടെന്നല്ല, ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അവരെന്നോട് കാട്ടിയത്. ഭയപ്പെടുത്തി പുകച്ചുപുറത്തുചാടിക്കാനാണ് ശ്രമം.
ശാരീരികമായി ഉപദ്രവിച്ചു.
ഇതുകൊണ്ടൊന്നും ഗവർണർ ഏൽപ്പിച്ച ചുമതലയിൽനിന്ന് പിന്മാറില്ല''- സംസ്കൃതസർവകലാശാലയിൽ വിദ്യാർത്ഥികളുടെ 'ശവസംസ്കാര' പ്രതിഷേധത്തിനിരയായ വി.സി പ്രൊഫ.സിസാതോമസ് 'കേരളകൗമുദി'യോട് പറഞ്ഞു.
വ്യാഴാഴ്ച സിൻിഡിക്കേറ്റ് യോഗത്തിനെത്തിയപ്പോഴാണ് ഇരുനൂറിലേറെപ്പേർ സംഘടിച്ചെത്തി ആക്രമിച്ചത്. സിൻഡിക്കേറ്റ് യോഗം തുടങ്ങിയപ്പോഴേ 'ശവസംസ്കാരം' തുടങ്ങി. പാട്ടൊക്കെ ഹാളിൽ കേൾക്കാമായിരുന്നു. ബഹളം കൂടിയപ്പോൾ എ.എസ്.പിയും സംഘവുമെത്തി. എ.എസ്.പിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളോട് സംസാരിച്ചു. എന്താണ് ആവശ്യമെന്ന് ചോദിച്ചപ്പോൾ വ്യക്തമായി ഒന്നും പറയാനില്ല. "ഒരുപാട് കാര്യങ്ങളുണ്ട്, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്"- ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു. നാലെണ്ണമെങ്കിലും പറയാനും ഉടൻ പരിഹാരിക്കാമെന്നും അറിയിച്ചിട്ടും മറുപടിയില്ല.
എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസുണ്ടായിരുന്നെങ്കിലും തടയാനായില്ല. വീഡിയോ പരിശോധിച്ച് അക്രമംകാട്ടിയവരെ തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകും-വി.സി പറഞ്ഞു.
സാങ്കേതികസർവകലാശാലയുടെയും വി.സിയാണ് സിസാതോമസ്. ഗവർണർ വി.സിയെ വിളിച്ച് ആരോഗ്യവിവരം തിരക്കി. നടപടികൾ ഉറപ്പുനൽകി. ഇന്നലെ ലോക്ഭവനിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തി.
' ചുവരിൽ ചേർത്ത് ഇടിച്ചു;
ചവിട്ടിയരയ്ക്കാൻ നോക്കി'
ചർച്ച നിറുത്തി സിൻഡിക്കേറ്റംഗങ്ങൾ എഴുന്നേറ്റപ്പോഴാണ് ഇരുനൂറിലെറെപ്പേർ മുറിയിലേക്ക് ഇരച്ചുകയറിയത്. ഇടിയും അടിയും തുടങ്ങി. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കടക്കം എല്ലാവർക്കും ഇടികിട്ടി. എനറെ തലയിൽ ഇടിച്ചു. മുടിയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. വേദനകൊണ്ട് പുളഞ്ഞുപോയി.
ചുവരിൽ ചേർത്ത് ഇടിക്കുകയായിരുന്നു. മതിലിൽ ചാരിനിന്നപ്പോൾ ആളുകൾ പുറത്തേക്ക് വന്നുവീണു. പിന്നിലേക്ക് പോവാനും സ്ഥലമില്ല. മുടിവലിച്ച് തലയിൽ ഇടിച്ചു. തലയ്ക്ക് ഇപ്പോഴും വേദനയുണ്ട്. ആ രീതിയിലായിരുന്നു ഇടി.
ഇനി ജീവനോടെയില്ലെന്ന് ഒരുഘട്ടത്തിൽ വിചാരിച്ചു. നിലത്തുവീണാൽ ചവിട്ടിയരച്ചേനെ. 200 ലേറെ ആൾക്കാരുടെ നടുക്ക് ഊഞ്ഞാലാടുന്ന പോലെ അങ്ങോട്ടുമിങ്ങോട്ടും ഞെരുക്കുയായിരുന്നു. ജീവനോടെ പുറത്തുപോവില്ലെന്ന് അവർ അലറി.ഭയങ്കര ചീത്തവിളിയായിരുന്നു. പുറത്തു നിന്നുള്ളവരുമുണ്ടായിരുന്നു.
''പ്രകോപനത്തിനൊരു കാരണവുമില്ല. വിദ്യാർത്ഥികൾക്കെതിരായി ഞാനൊന്നും ചെയ്തിട്ടില്ല. ഹാജരില്ലാത്തവരെയെല്ലാം പരീക്ഷയെഴുതാൻ അനുവദിച്ചു. 2019 മുതലുള്ള ബിരുദസർട്ടിഫിക്കറ്റുകൾ നൽകാനാരംഭിച്ചു. ഫയലിൽ കൃത്യമായി കാര്യങ്ങളെഴുതുമ്പോൾ ബാധിക്കുന്ന അദ്ധ്യാപക, അനദ്ധ്യാപകരാണ് കുട്ടികളെ ഇളക്കിവിടുന്നത്.''
-പ്രൊഫ.സിസാതോമസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |