
കേരളത്തിലെ നിരത്തുകളിൽ ടിപ്പർലോറികൾ കാരണമുണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവങ്ങളാകുന്നു. അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളെ റോഡിൽ കുരുതികൊടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർമ്മാണസാമഗ്രികൾ എത്തിക്കുന്നതിൽ ഈ വാഹനങ്ങൾ വലിയപങ്ക് വഹിക്കുന്നുണ്ടെങ്കിലും ജനജീവിതത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള പാച്ചിൽ അടിയന്തരമായി നിയന്ത്രിക്കുക തന്നെ വേണം. ഒരു അന്വേഷണം.
--------------------------------------------------------------------------------------------------------
അമിതഭാരം, രൂപമാറ്റം, അമിതവേഗം, ഇവയാണ് ടിപ്പർ അപകടങ്ങൾക്ക് പിന്നിലെ പ്രധാനവില്ലൻ. നിശ്ചിത അളവിലും കൂടുതൽ ലോഡുകയറ്റി, സമയപരിധിക്കുള്ളിൽ കൂടുതൽ സർവീസുകൾ ഓടിത്തീർക്കാനുള്ള ഡ്രൈവർമാരുടെ മത്സരഓട്ടം വലിയദുരന്തങ്ങളിലാണ് കലാശിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് പരിശോധനയ്ക്കുശേഷം വാഹനങ്ങളിൽ വരുത്തുന്ന നിയമവിരുദ്ധമായ മാറ്റങ്ങളാണ് മറ്റൊരു ഗുരുതരപ്രശ്നം. ലോഡ് കൂടുതൽ കൊള്ളാനായി ടിപ്പറിന്റെ ബോഡിയുടെ ഉയരം നിയമവിരുദ്ധമായി കൂട്ടും. വേഗം നിയന്ത്രിക്കാൻ നിർബന്ധമായും ഘടിപ്പിച്ചിരിക്കേണ്ട സ്പീഡ് ഗവർണറുകൾ അഴിച്ചുമാറ്റും. ഇത്തരം രൂപമാറ്റങ്ങൾ വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തുകയും പെട്ടെന്ന് ബ്രേക്കിട്ടാൽ വാഹനം നിൽക്കാത്ത അവസ്ഥയുമുണ്ടാക്കും.
വർദ്ധിക്കുന്ന അപകടങ്ങൾ
കൊട്ടാരക്കരയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ടിപ്പർ അപകടത്തിൽ നാലുപേരാണ് മരിച്ചത്. ഇതിൽ നീലേശ്വരത്തുണ്ടായ അപകടത്തിൽപ്പെട്ടവരിൽ പലരും ആശുപത്രി വിട്ടിട്ടില്ല. തേവര കുണ്ടന്നൂർ പാലത്തിൽ മാലിന്യവുമായി വന്ന ടിപ്പർലോറി പാലത്തിന്റെ കൈവരി തകർത്ത് അപകടത്തിൽപ്പെട്ടതും ഈയിടെയാണ്. സമീപകാലത്തായി ടിപ്പർലോറികൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വാർഷിക കണക്കുകൾ പ്രകാരം ചെറുതും വലുതുമായി ശരാശരി 600ൽ അധികം അപകടങ്ങൾ സംഭവിക്കുന്നു. ഇതിൽ മരണസംഖ്യ 30 മുതൽ 76 വരെയാണ്. പരിക്കേൽക്കുന്നവർ 400 മുതൽ 600 വരെയും. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. അമിതവേഗം, ലൈസൻസില്ലാത്ത ഡ്രൈവിംഗ്, ലഹരിയുപയോഗം എന്നിവയ്ക്ക് പ്രതിവർഷം ആയിരക്കണക്കിന് കേസുകൾ വേറെയും രജിസ്റ്റർ ചെയ്യുന്നുണ്ട്.
പിഴയടച്ച് വീണ്ടും നിയമലംഘനം ആവർത്തിക്കുന്ന പ്രവണതയാണുള്ളത്. സമയക്രമം പാലിക്കാതെ സ്കൂൾ സമയത്തുമുള്ള ഓട്ടം
ഡ്രൈവർക്ക് അധികബാറ്റ നേടാനും കൂടുതൽ ട്രിപ്പുകൾ എടുക്കാനുമായാണ്. ചെറിയ തുക പിഴയൊടുക്കി നിയമലംഘകർ രക്ഷപ്പെടുമ്പോൾ റോഡിൽ പൊലിയുന്നത് വിലപ്പെട്ട മനുഷ്യജീവനുകളാണ്.
അപകടങ്ങൾ കുറയ്ക്കാൻ
1. ഫിറ്റ്നസ് ടെസ്റ്റിന് ശേഷം സ്പീഡ് ഗവർണറുകളിൽ മാറ്റം വരുത്തുന്നത് തടയാൻ റോഡുകളിൽ നിരന്തര പരിശോധന നടത്തണം
2. ടിപ്പർ ലോറികളിൽ ജി.പി.എസ് നിർബന്ധമാക്കണം. വേഗ പരിധി ലംഘിച്ചാൽ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഒരുക്കണം
3. അപകടകരമായി വണ്ടിയോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണം
4. നിയമവിരുദ്ധമായി രൂപമാറ്റം വരുത്താൻ നിർദ്ദേശം നൽകുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം.
5. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5വരെയും ഓടാൻ പാടില്ലെന്ന വ്യവസ്ഥ കർക്കശമാക്കണം
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് ചട്ടം 167 പ്രകാരം അമിതഭാരം കണ്ടെത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിലാക്കണം. ഇത്തരം വാഹനങ്ങൾക്ക് നികുതി സംബന്ധമായ സേവനങ്ങൾ ഒഴികെ മറ്റ് മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ലഭ്യമാകില്ല.
- ജയകൃഷ്ണൻ,
ആർ.ടി.ഒ ഇൻചാർജ്
എറണാകുളം
വർഷം---- അപകടം---- പരിക്ക്---- മരണം
2020---- 414----120----70
2021----436----522----76
2022----512----628----74
2023----607----512----62
2024----369----424----45
2025----391----447----47
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |