SignIn
Kerala Kaumudi Online
Friday, 14 August 2026 2.48 AM IST

സ്വാതന്ത്ര്യദിനാഘോഷം നാളെ : വന്ദേമാതരത്തിൽ ആശയക്കുഴപ്പം തീരാതെ തദ്ദേശ സ്ഥാപനങ്ങൾ

aa

തിരുവനന്തപുരം: വന്ദേമാതരം ആലപിക്കുന്നതിൽ സർക്കാർ നിലപാട് വ്യക്തമല്ലാത്തതിനാൽ നാളെ സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ആശയകുഴപ്പം. 17 വരെ സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയിൽ വന്ദേമാതരം ആലപിക്കണമെന്ന് തദ്ദേശ സെക്രട്ടറി ടിങ്കു ബിസ്വാളിന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയ കത്താണ് വിവാദമായത്. തദ്ദേശവകുപ്പ് സെക്രട്ടറി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറുകയും ചെയ്തു. നിർദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതോടെ വന്ദേമാതരം മുഴുവനായി ആലപിക്കണോ എന്നതിൽ ആശയക്കുഴപ്പമായി.

സർക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ എങ്ങും തൊടാതെ പറയുക കൂടി ചെയ്തതോടെ ആശയക്കുഴപ്പം പൂർണമായി. സർക്കാരിനും യു.ഡി.എഫിനും ഒരു നയമുണ്ടെന്നും കോൺഗ്രസും ഇന്ത്യാ മുന്നണിയും ദേശീയതലത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ വന്ദേമാതരം പൂർണ്ണമായി പാടണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടില്ല. കേന്ദ്രം ഹർ ഘർ തിരംഗ പദ്ധതി പ്രകാരം അയച്ച കത്ത് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന് പറഞ്ഞ് പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇതോടെ മുഴുവൻ പാടണോ, പകുതിപാടിയാൽ മതിയോ, പാടാതിരുന്നാൽ കുഴപ്പമാകുമോ എന്ന് ആശങ്കയിലാണ് തദ്ദേശസ്ഥാപനങ്ങൾ. കേന്ദ്ര സർക്കാർ ജൂലായ് 14ന് പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിർദേശം കൈമാറിയത്.

ചൈൽഡ് കെയർ ഹോമുകളിൽ സ്വതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ വകുപ്പ് പ്രത്യേകം നിർദേശം നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDHEMATHARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA