
നെയ്യാറ്റിൻകര: അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് നാം ഭാരതാംബയെന്ന് വിളിക്കുന്നതും വന്ദേമാതരം ആലപിക്കുന്നതും. ആർ.എസ്.എസ് കുന്നത്തുകാൽ മണിവിളയിലെ ഗോൾഡൻ പാലസിൽ സംഘടിപ്പിച്ച 'സങ്കൽപ്പ് യുവസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം.
അമ്മ ആരെന്ന് അറിയാവുന്നവർ വന്ദേമാതരം എന്ന് എപ്പോഴും പറയും. യുവതലമുറയുടെ തൊഴിൽ സങ്കൽപ്പങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷകളെയും അദ്ദേഹം പരാമർശിച്ചു. പഠിച്ച് ബിരുദം നേടിയശേഷം എല്ലാവരും പിഎസ്.സി പരീക്ഷകൾക്ക് പിന്നാലെ പായുന്ന പ്രവണത ശരിയല്ല. നിങ്ങൾ എന്താണ് പഠിക്കേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. പി.എസ്.സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അത്തരം ആശ്രിത മനോഭാവം ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾ മുന്നോട്ടുവരണം. കിംസ് ഹെൽത്ത് മുൻ മേധാവിയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡുമായ രശ്മി ഐഷ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |