
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽ.എൽ.ബി പരീക്ഷയിലെ താളപ്പിഴവ് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. പരാജയപ്പെട്ടവർ പുനർമൂല്യനിർണയത്തിൽ കൂട്ടത്തോടെ വിജയിച്ചതാേടെയാണ് അന്വേഷണം.
രണ്ടു മൂല്യനിർണയങ്ങളിലും 20% എങ്കിലും മാർക്ക് വ്യത്യാസമുളള ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത് ഡബിൾ വാല്യുവേഷൻ നടത്താനും സിൻഡിക്കേറ്റ് ഉപസമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്താനും വി.സി നിർദ്ദേശിച്ചു. ഏതു മൂല്യനിർണയത്തിലാണ് പാകപ്പിഴ എന്നു തിരിച്ചറിയാനാണിത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണം.
ഇനി എൽ.എൽ.ബി പരീക്ഷകളിൽ ഇരട്ടമൂല്യനിർണയമായിരിക്കും. ഇരട്ട മൂല്യനിർണ്ണയത്തിൽ പരാതികളുണ്ടാവാറില്ല. തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിലെ പരാജയപ്പെട്ട 45 വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചിരുന്നു. വിവിധ സെമസ്റ്ററുകളിലായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർത്ഥികളിൽ 231 പേർക്കും ഉയർന്ന മാർക്കുണ്ട്. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 44 പേരുടെയും മാർക്ക് വർദ്ധിച്ചു. മൂല്യനിർണയത്തിൽ ഗുരുതരവീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്റേണൽ മാർക്കുകളിലും മോഡറേഷൻ നൽകുന്നതിലും പാകപ്പിഴകളുണ്ട്.
തിയറിക്ക് മിനിമം ഇല്ലാതെ പാസാവും
എൽ.എൽ.ബി പരീക്ഷയുടെ തിയറിക്ക് മിനിമം മാർക്കില്ലാത്തതും പരിശോധിക്കും. മറ്റ് ബിരുദ കോഴ്സുകൾക്ക് തിയറി പരീക്ഷയ്ക്ക് 35% മിനിമം പാസ്സ് മാർക്ക് വേണമെന്നിരിക്കെ, എൽ.എൽ.ബി പരീക്ഷ എഴുതുന്നവർക്ക് യൂണിവേഴ്സിറ്റി തിയറി പരീക്ഷയ്ക്ക് മാത്രമായി പ്രത്യേക മിനിമം പാസ്സ് മാർക്കില്ല. ഇന്റേണൽ മാർക്കും കൂട്ടിച്ചേർത്ത് 50 ശതമാനം മാർക്ക് മതി. ബാർ കൗൺസിൽ നിർദ്ദേശപ്രകാരമാണിതെന്നാണ് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഇരുപത് ഇന്റേണൽ മാർക്കിൽ 19 മിക്കവർക്കും ലഭിക്കുന്നുണ്ട്. ഇതും തിയറി പരീക്ഷയിലെ കുറഞ്ഞ മാർക്കും കൂട്ടിച്ചേർത്ത് വിദ്യാർത്ഥികൾക്ക് ജയിക്കാനാകും. തോറ്റ കുട്ടികൾ ഇന്റേണൽ മാർക്ക് കൂട്ടാനായി 'റീഡൂ' അപേക്ഷ നൽകുന്നതും, പരീക്ഷാവിഭാഗത്തിൽ നിന്ന് 10 മാർക്ക് വരെ മാനദണ്ഡങ്ങളില്ലാതെയുളള മോഡറേഷനും ക്രമക്കേടുകളിലേക്ക് വിരൽചൂണ്ടുന്നു.
''എൽ.എൽ.ബി പരീക്ഷാരീതി സമഗ്രമായി ശുദ്ധീകരിക്കും. ക്രമക്കേടുകൾ പൂർണമായി തടയും''
-ഡോ.മോഹനൻ കുന്നുമ്മേൽ,
വൈസ് ചാൻസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |