
തിരുവനന്തപുരം: രാജ്യത്ത് ചെറുപ്പക്കാർ ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുവത രാഷ്ട്രീയ ബോദ്ധ്യങ്ങൾ ഇല്ലാത്തവരല്ല. അവർ എല്ലാം കാണുന്നു, കേൾക്കുന്നു, മനസിലാക്കുന്നു. തിരുത്തൽ ശക്തിയാകാനും ഭാവിയിൽ തെളിമയോടെ രാജ്യത്തെ നയിക്കാനും കരുത്ത് അവർക്കുണ്ട്. സമീപകാല സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. യുവതയാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്. സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കണം. നാട്ടിൽ സമാധാനവും സുരക്ഷയും പുലരണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മെച്ചപ്പെടണം. ഇവയാണ് ഈ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ളത്. പ്രകൃതിക്ക് ഇണങ്ങുന്നതും കാലാവസ്ഥാ മാറ്റം കണക്കിലെടുത്തുള്ളതുമായ വികസനമാണ് കാലം ആവശ്യപ്പെടുന്നത്. ഇതിനായി തോളോടുതോൾ ചേർന്ന്, ജാതിയും മതവും ലിംഗ വിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാനാകണം.
കരുണയും സേവന തൽപരതയും സഹിഷ്ണുതയുമുള്ള കേരളമാണ് ഉയിർ കൊള്ളേണ്ടത്. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചും പുതുതലമുറയെയും മുതിർന്ന പൗരൻമാരെയും ചേർത്തു പിടിച്ചുള്ളതുമാകട്ടെ നമ്മുടെ പ്രയാണം. സുരക്ഷിത കേരളം, ഇന്ത്യക്ക് വഴികാട്ടിയാകുന്ന കേരളം... ഇതിനായി ശ്രമിക്കുമ്പോൾ ലക്ഷ്യവും മാർഗവും വ്യക്തമായി മനസിൽ കുറിക്കേണ്ടതുണ്ട്.
തൊഴിലുകൾ സൃഷ്ടിക്കണം. കൃഷി ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾക്ക് വികസനവും സംരക്ഷണവും വേണം. കാലാവസ്ഥാ മാറ്റമെന്ന വൻപ്രതിസന്ധിയെ നേരിടാനാകണം.
പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതുമായ വികസനമാണ് നമ്മുടെ സ്വപ്നം. ക്ഷേമ പ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ല. ഭയപ്പെടുത്തിയും അപകീർത്തിപ്പെടുത്തിയും ലഹരിക്ക് അടിപ്പെട്ടും വികസന വിരുദ്ധത ആയുധമാക്കിയും മുന്നോട്ടു പോകാനാകില്ല.കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായ പരിഗണന ലഭിക്കണം. പുതുയുഗ കേരളം വെറും വാക്കല്ല, യാഥാർത്ഥ്യമാക്കാനുള്ള ആശയമാണ്. അതിനായി നമുക്ക് ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |