തിരുവനന്തപുരം: നമ്മുടെ ഉത്പന്നങ്ങൾക്ക് ഇന്നുമുതൽ വിഴിഞ്ഞംവഴി ലോകവിപണി തുറക്കുകയാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമടക്കം 107രാജ്യങ്ങളിലേക്ക് സർവീസുള്ള വിഴിഞ്ഞത്തുനിന്ന് ഇന്ന് കയറ്റുമതിക്ക് തുടക്കമാവും. കിൻഫ്രയിലും ശാസ്തമംഗലത്തും പ്രവർത്തിക്കുന്ന നിലമേൽ എക്സ്പോർട്ട്സിന്റെ ഡ്രൈ-കണ്ടെയ്നറാണ് ഭക്ഷ്യോത്പന്നങ്ങളുമായി സ്പെയിനിലെ വലൻസിയയിലേക്കു പോകുന്നത്. കപ്പൽ വിഴിഞ്ഞത്തുനിന്ന് നേരിട്ടാണ് സ്പെയിനിലേക്ക് പോവുക. മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ്ഓഫ് ചെയ്യും. സംസ്കരിച്ച മത്സ്യം,പച്ചക്കറി,പഴങ്ങൾ, തേൻ,പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, ഭക്ഷ്യ-സമുദ്രവിഭവങ്ങൾ, കശുഅണ്ടി, കയർ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഇനി കയറ്റുമതിചെയ്യാം. ഇതുവരെ സിംഗപ്പൂർ,കൊളംബോ,ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർ ഇനി വിഴിഞ്ഞത്തേക്കെത്തും. ചെറുകിട-ഇടത്തരം സംരംഭകർക്കും ഇത് ഊർജം പകരും.
വിഴിഞ്ഞത്തുനിന്നുള്ള കയറ്റുമതിക്ക് എം.എസ്.സി കപ്പൽകമ്പനി 2സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോർച്ചുഗൽ, സ്പെയിനിലെ വലൻസിയ,ബാഴ്സലോണ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള ഹിമാലയ എക്സ്‌പ്രസാണ് ആദ്യത്തേത്. സൗത്ത്-വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളായ കൊയിഗ, അബിഡ്‌ജാൻ, ടെമ, ലോമെ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യ-ആഫ്രിക്ക സർവീസാണ് അടുത്തത്. കേരളത്തിലേക്ക് ഏറ്റവുമധികം തോട്ടണ്ടി ഇറക്കുമതിചെയ്യുന്ന ആഫ്രിക്കൻ തുറമുഖങ്ങൾ ഈ സർവീസിലുണ്ട്. തൂത്തുക്കുടിയെ ആശ്രയിക്കാതെ തോട്ടണ്ടി ഇനി വിഴിഞ്ഞത്തിറക്കാം. കേരളത്തെ തുറമുഖനഗരമാക്കാനുള്ള 'മിഷൻസമുദ്ര" പദ്ധതി ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. 400കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്.
ഓർഡിനറി നിരക്ക്,
സൂപ്പർഫാസ്റ്റ് വേഗം
1. അമേരിക്കയിലേക്ക് 2വീക്ക്‌ലി സർവീസുകളുണ്ട്. 37ദിവസംകൊണ്ട് എം.എസ്.സി ബെറിൽ, 44ദിവസം കൊണ്ട് എം.എസ്.സി മേരി-ലെസ്ലി എന്നിവ അമേരിക്കയിലെത്തും. കൊച്ചി വഴി 60-65ദിവസമെടുക്കും. വിഴിഞ്ഞം-സ്പെയിൻ സർവീസിന് 28ദിവസമേയെടുക്കൂ. മറ്റുതുറമുഖങ്ങൾ വഴി കാനഡയിലേക്ക് 90ദിവസം വേണ്ടിവരുന്നിടത്ത് വിഴിഞ്ഞത്തുനിന്ന് 40- 45ദിവസം മതിയാവും. ടെർമിനൽ ഹാൻഡ്‌ലിംഗ് ചാർജും തീരെക്കുറവാണ്.
2. സ്ലോവേനിയ, ക്രൊയേഷ്യ,ബോസ്നിയ,അൽബേനിയ,അഡ്രിയാട്രിക്, ഈസ്റ്റ്മെഡിറ്ററേനിയൻ, ഗ്രീസ്,വെസ്റ്റ്തുർക്കി, മെക്സിക്കോ,പോർച്ചുഗൽ, നോർത്ത് ആഫ്രിക്ക, സൗത്ത് അമേരിക്ക, കാനഡ, വെസ്റ്റാഫ്രിക്ക, അമേരിക്കയിലെ ബാൾട്ടിമോർ, ബോസ്റ്റൺ, മിയാമി, നോർഫ്ലോക് എന്നിവിടങ്ങളിലേക്കെല്ലാം എം.എസ്.സിയുടെ സർവീസുകളുണ്ട്. എം.എസ്.സിയുമായി കരാറുള്ള കപ്പലുകളും ഇനി വിഴിഞ്ഞത്തേക്കെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |