
ലോകത്തെ ഏത് നഗരവും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ പ്രധാനം മാലിന്യനിർമ്മാർജ്ജനമാണ്. തിരുവനന്തപുരം നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും, അതുമൂലം രോഗവാഹികളായ കൊതുകുകൾ പെരുകുന്നതും, ഡെങ്കി ഉൾപ്പെടെ പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതുമൊക്കെ കുറെ ദിവസമായി ചർച്ചാവിഷയമാണ്. വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നാവും നഗരസഭാ അധികൃതരുടെ വിശദീകരണം. ഇങ്ങനെ ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യം എവിടെയെങ്കിലും കൂട്ടിയിടുന്നതല്ലാതെ ഫലപ്രദമായി സംസ്കരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആരും മിണ്ടുന്നില്ല!. മാലിന്യമുക്ത നഗരം എന്നാൽ മാലിന്യം ഉണ്ടാകാത്ത നഗരമെന്നല്ല അർത്ഥം. മറിച്ച്, ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുകയും, അതിൽ നിന്ന് ജൈവ ഇന്ധനവും മറ്റും ഉത്പാദിപ്പിച്ച് മാലിന്യത്തെക്കൂടി മൂല്യവത്താക്കുന്ന വിദ്യ നടപ്പിലാക്കുകയും ചെയ്യുന്ന നഗരമെന്നാണ്.
എന്ത് പറയാൻ, തലസ്ഥാന ഭരണക്കാരുടെ തലയിൽ അത്തരം ചിന്ത ഇതുവരെ പുകഞ്ഞുതുടങ്ങിയിട്ടില്ല. ലോകത്ത് മാലിന്യസംസ്കരണം മികച്ച രീതിയിൽ നിർവഹിക്കുന്ന നഗരം ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയാണ്. ജപ്പാനും ദക്ഷിണകൊറിയയുമാണ് ശാസ്ത്രീയ മാലിന്യസംസ്കരണം ഫലപ്രദമായി നടപ്പാക്കിയ രണ്ട് രാജ്യങ്ങൾ. ദക്ഷിണ കൊറിയയിൽ, ആകെയുണ്ടാകുന്ന മാലിന്യത്തിന്റെ 55 ശതമാനത്തോളവും ഇൻസിനറേറ്ററുകളുടെ സഹായത്തോടെ കത്തിക്കുകയും, അതിൽ നിന്ന് ബയോഗ്യാസും ജൈവ വളങ്ങളും മറ്റും ഉത്പാദിപ്പിക്കുകയുമാണ്. ജപ്പാനിൽ 78 ശതമാനം മാലിന്യവും ഇൻസിനറേറ്ററുകളിൽ 800 ഡിഗ്രിയിലും കൂടിയ ചൂടിൽ കത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുണ്ടാകുന്ന താപോർജത്തെ അവർ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുകയും, നഗരമേഖലകളിൽ ചൂടുവെള്ളം വിതരണം ചെയ്യാൻ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
തലസ്ഥാന നഗരമായ ടോക്കിയോയിൽ മാത്രം മാലിന്യ സംസ്കരണത്തിനായി 19 വമ്പൻ ഇൻസിനറേറ്ററുകളാണുള്ളത്. ജപ്പാൻ മാതൃകയിൽ മാലിന്യം സംസ്കരിക്കുമെന്ന് വീമ്പ് പറയുന്നവർ ആദ്യം ആ മാതൃകയെക്കുറിച്ച് ഒന്ന് പഠിക്കണം. തിരുവനന്തപുരം നഗരത്തിൽ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട്, ജനങ്ങളുടെ പ്രതിഷേധമാണ് എന്നായിരിക്കും ആദ്യത്തെ തടസവാദം. വിദേശമാതൃകയിൽ ആധുനിക ഇൻസിനറേറ്ററുകൾ സ്ഥാപിച്ചാണ് മാലിന്യ സംസ്കരണമെങ്കിൽ ജനങ്ങളിൽ നിന്ന് ഒരു തടസവും ഉണ്ടാകേണ്ട കാര്യമില്ല. കാരണം, അവിടങ്ങളിൽ മാലിന്യം കുന്നുകൂട്ടിയിടുകയോ, മഴയിൽ അഴുകി മാലിന്യം ഒഴുകിപ്പരക്കുകയോ, ദുർഗന്ധം വ്യാപിക്കുകയോ ഒന്നും ചെയ്യുന്നില്ല. തലസ്ഥാന നഗരത്തിൽ പ്രതിദിനം 350 മുതൽ 400 ടൺ വരെ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 45 ശതമാനവും വീടുകളിൽ നിന്ന് പുറന്തള്ളുന്നതാണ്.
ആകെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 80 ശതമാനത്തോളവും കമ്പോസ്റ്റ് ചെയ്യാവുന്ന ജൈവമാലിന്യമാണ് താനും. ഖരമാലിന്യം പോലെയല്ല, ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉൾപ്പെടുന്ന ജൈവമാലിന്യം കൂട്ടിയിട്ടാൽ അഴുകുകയും, അവ കൊതുകുകളുടെ പ്രജനന കേന്ദ്രമായിത്തീരുകയും ചെയ്യും.
ആധുനിക ജൈവവള നിർമ്മാണ പ്ളാന്റ് സ്ഥാപിച്ച് മാലിന്യത്തെ ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ വലിയ ഇൻസിനറേറ്ററുകൾ സ്ഥാപിച്ച് കത്തിച്ചുകളയാം. പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ മാലിന്യവും അതത് ദിവസം കത്തിക്കാൻ ശേഷിയുള്ള ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നേയുള്ളൂ. പഴയ നഗരസഭാ ഭരണകാലത്തെ 'ഗ്രീൻ സിറ്രി, ക്ളീൻ സിറ്റി" പദ്ധതിയൊന്നും ഇപ്പോഴില്ല. മിടുക്കനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്കായി പ്രത്യേക വിഭാഗം രൂപീകരിക്കുകയും, വിദേശ മാതൃകകൾ സ്വീകരിക്കുകയുമാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |