SignIn
Kerala Kaumudi Online
Saturday, 25 April 2026 6.15 PM IST

'ഓലപ്പാമ്പ് കാണിച്ച് തകർക്കാൻ പറ്റില്ല'; മുദ്രാവാക്യം വിവാദത്തിൽ പ്രതികരിച്ച് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

Increase Font Size Decrease Font Size Print Page
sreelekha-r

മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്‌തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖ കേരള പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദമായിരുന്നു. ബിജെപി മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ശ്രീലേഖ മുദ്രാവാക്യം വിളിച്ചത്. വട്ടിയൂർക്കാവിലുണ്ടായ ബിജെപി - സിപിഎം സംഘർഷത്തിന് പിന്നാലെയായിരുന്നു പ്രതിഷേധ പ്രകടനം.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ഇതൊന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്നാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചർച്ച വട്ടിയൂർക്കാവിൽ ഉണ്ടായ സംഘർഷവും അതേ തുടർന്നുണ്ടായ പൊലീസ് നടപടികളുമാണ്. നമ്മുടെ നാടിന്റെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ അക്ഷീണം പ്രവർത്തിക്കുന്ന വിഭാഗമാണ് പൊലീസ്. കേരളത്തിലെ പൊലീസ് ഈ രംഗത്ത് നിറവേറ്റുന്ന ദൗത്യം മുൻവിധികളില്ലാതെ പരിശോധിച്ചാൽ ഏറെ മികവുറ്റതുമാണ്. ഒരു നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുണ്ടായ സംഘർഷ സാഹചര്യത്തെ നിയന്ത്രിക്കുവാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മൃഗീയമായി മർദ്ദിക്കുകയും കല്ലും വിറകും ഉപയോഗിച്ച് എറിയുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യമാണ് വട്ടിയൂർക്കാവിൽ കണ്ടത്.

മാരകമായ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഒന്നിലേറെ കേസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വ്യത്യസ്ഥ രാഷ്‌ട്രീയ പാർട്ടികളിലെ വ്യക്തികൾ പ്രതികളും ആയിട്ടുണ്ട്. അവരിൽ പലരേയും പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് കേസ് എടുക്കുകയും പ്രതികളെ അറസ്‌റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്നത് നിയമപരമായ നടപടികളാണ്. അതിലെ ശരി തെറ്റുകൾ കോടതി വിലയിരുത്തട്ടെ, തീരുമാനം എടുക്കട്ടെ.

വട്ടിയൂർക്കാവ് സംഭവത്തിന് ശേഷം ഒരു വിഭാഗം നടത്തി വരുന്ന ചില പ്രവർത്തികൾ സംസ്‌കാര ശൂന്യമാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അസഭ്യ വർഷം നടത്തുന്ന രീതി ഓരോരുത്തരുടേയും സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന് കാണാം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ. അത്തരക്കാരുടെ കൂട്ടത്തിൽ ഊർജം പകരാൻ വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഇല്ല എന്നും തിരിച്ചറിയുക.

പൊലീസ് നടപടികൾക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആർക്കും പ്രതികരിക്കാം. ആർക്കും പ്രതിഷേധിക്കാം. നിയമപരമായ എന്ത് നടപടിയും സ്വീകരിക്കാം. പകരം ഗുണ്ടായിസവുമായാണ് കടന്നു വരുന്നതെങ്കിൽ തിരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും.

നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സൗഹാർദ്ദത്തിനും ഒരു കോട്ടവും തട്ടാതെ കാത്തു സൂക്ഷിക്കാൻ കേരള പൊലീസ് മുൻനിരയിൽ തന്നെയുണ്ടാകും. അത്തരത്തിൽ നിയമാനുസരണം ജോലി ചെയ്യുന്നവർക്ക് നിയമപരമായ സംരക്ഷണം പൊലീസ് വകുപ്പ് ഒരുക്കുക തന്നെ ചെയ്യും. ശരിയ്‌ക്കൊപ്പം പൊലീസ് സംഘടനയും ഉണ്ടാകും.

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഒരാൾ പൊലീസ് ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ അയാൾ ഒരു സ്വതന്ത്ര പൗരൻ തന്നെയാണ്. അത് ഒരു സാധാരണ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന ആളായാലും ഡിജിപി ആയിരുന്ന ആളായാലും. വിരമിച്ച നാൽപ്പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് കേരളത്തിൽ ഉണ്ട്. അവരിൽ പലരും പല ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. ഒട്ടേറെ പേർ വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ചിലരെങ്കിലും ജനപ്രതിനിധികളുമാണ്. അന്തസായി വിവിധ സമൂഹ്യ - സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻകാല പൊലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്.

എവിടെയും എന്ന പോലെ വ്യത്യസ്ഥരായ ചിലർ ഇവിടെയും ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ രണ്ട് പ്രതികരണങ്ങൾ ഇതിനിടയിലും കാണാനായി. “പോടാ പുല്ലേ പൊലീസേ “ എന്നാണ് ഒരാളുടെ വിളിയെങ്കിൽ “പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കും “ എന്നാണ് അടുത്തയാൾ കയ്യടി വാങ്ങാനായി പറഞ്ഞത്. ഇതൊന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടത്.

നാടിന്റെ സുരക്ഷയും സംരക്ഷണവുമാകണം പോലീസിന്റെ ലക്ഷ്യം. ഓരോ പ്രവർത്തിയും നിയമപരമാകണം. ആക്രമണങ്ങൾ നടത്തിയും അധിക്ഷേപിച്ചും ഭീഷണിയായും ചിലർ പൊലീസിന് നേരേ ഇനിയും വന്നേക്കാം. അത്തരം പ്രവർത്തികളെ വൈകാരികമായി കാണാതെ വിവേകത്തോടെ മുന്നോട്ട് പോകാൻ ഓരോ പൊലീസ് ഉദ്യോഗസ്ഥനും കഴിയണം. ഒപ്പം ഇത്തരം ആക്രമണങ്ങൾക്കെതിരെ നിയമപരമായ നടപടിയാകണം പൊലീസ് സ്വീകരിക്കേണ്ടത്.

സി ആർ.ബിജു

ജനറൽ സെക്രട്ടറി

കെപിഒഎ

TAGS: R SREELEKHA, KERALA POLICE OFFICERS ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.