
പാലക്കാട്: ജെൻഡർ സ്റ്റഡീസ് ക്ലാസിൽ അദ്ധ്യാപിക പറഞ്ഞ ഒരു വാചകമാണ് അതുല്യയെ അതുല്യയാക്കിയത്. തൃശൂർ സെന്റ് മേരീസ് കോളേജിൽ ബി.എ ഹിസ്റ്ററിക്കു പഠിക്കുകയായിരുന്നു അന്ന് കെ.വി.അതുല്യ. 'സ്ത്രീകൾ എപ്പോഴും സുരക്ഷിതമായ ജോലികളാണ് തിരഞ്ഞെടുക്കുന്നത്. ഡൈവിംഗ്, സ്‌കൂബ ഡൈവിംഗ് എന്നിവപോലുള്ള സാഹസിക മേഖലകൾ തിരഞ്ഞെടുക്കാറില്ല." അതായിരുന്നു അദ്ധ്യാപിക പറഞ്ഞത്. എങ്കിൽ അതൊന്ന് പരീക്ഷിച്ചുനോക്കിയിട്ടുതന്നെ കാര്യം. പട്ടാമ്പിയിലെ പരുതൂർ കരുവാൻപടി ഗ്രാമത്തിലെ കള്ളിവളപ്പിൽ മണികണ്ഠന്റെയും ലീനയുടെയും മകൾ തീരുമാനിച്ചു. ഡിഗ്രികഴിഞ്ഞ്, കോവളത്തുള്ള ബോണ്ട് സഫാരി സ്കൂബാ ഡൈവിംഗ് അക്കാഡമിയിൽ ചേർന്നു. കോഴ്സ് പൂർത്തിയാക്കി. അവിടെ ഏക വനിതയായിരുന്നു അതുല്യ.
തുടർന്ന് കോവളത്തും ആൻഡമാനിലും കൊച്ചിയിലെ അക്വാലിയോ ഡൈവ് സെന്ററിലും സ്‌കൂബ ഡൈവറായി ജോലി ചെയ്തു. കൊച്ചിയിലെ ജോലിക്കിടയിൽ കണ്ടുമുട്ടിയ സൗത്ത് ആഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റ് അക്കാഡമി സ്ഥാപക ദമ്പതികളായ ട്രെവർ ബെയ്ലിയും ആൽറ്റ ട്രെവർ ബെയ്ലിയും കൊമേസ്യൽ ഡൈവിംഗിൽ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. ലക്ഷങ്ങൾ ചെലവു വരുന്നതിനാൽ സാവകാശം ചോദിച്ചു. യാത്രാച്ചെലവ് ഉൾപ്പെടെ മുഴുവൻ ചെലവും സൗത്ത് ആഫ്രിക്കൻ കമ്പനി ഏറ്റെടുത്തതോടെ ആഗ്രഹം പൂവണിഞ്ഞു. 2025 ജൂലായിൽ ഇൻകാ (ഐ.എൻ.സി.എ) സർട്ടിഫിക്കറ്റ് നേടി കൊമേസ്യൽ ഡൈവിംഗ് ലൈസൻസ് കരസ്ഥമാക്കി. ആ ബാച്ചിലും ഏക വനിതയായിരുന്നു.
കൊമേഴ്സ്യൽ സ്‌കൂബ ഡൈവിംഗിൽ ഇൻകാ സർട്ടിഫിക്കേഷൻ നൽകുന്ന അക്കാഡമി ഇന്ത്യയിലില്ല. സൗത്ത് ആഫ്രിക്കയിലെ അക്കാഡമി അസിസ്റ്റന്റ് സൂപ്പർവൈസറായ അതുല്യ ഇപ്പോൾ നാട്ടിലുണ്ട്. അശ്വിൻ ദേവും ആതിരയുമാണ് സഹോദരങ്ങൾ.
50 മീറ്ററിലധികം ആഴത്തിലേക്ക്
സ്കൂബാ ഡൈവിംഗിൽ 40 മീറ്റർ ആഴത്തിലേക്കാണ് പോകേണ്ടത്, കൊമേഴ്സ്യൽ സ്‌കൂബ ഡൈവർമാർക്ക് 50 മീറ്ററിലധികം പോകേണ്ടി വരും. കടലിനടിയിലൂടെ കടന്നുപോകുന്ന ഓയിൽ ഗ്യാസ് പൈപ്പ് ലൈനുകളുടെ പരിപാലനം, ഇന്റർനെറ്റ് കേബിളുകളുടെ അറ്റകുറ്റപ്പണികൾ, വെൽഡിംഗ് ജോലികൾ തുടങ്ങി അതീവ അപകടകരമായ പ്രവർത്തനങ്ങളാണ് നിർവഹിക്കേണ്ടത്.
''വിസ്മയക്കാഴ്ചകളുടെ കലവറയാണ് കടലിന്റെ അടിത്തട്ട്. അതുപോലെ പർവ്വതങ്ങളുടെ മുകളിലേക്കും കടന്നുചെല്ലണമെന്നാണ് ആഗ്രഹം.
-കെ.വി.അതുല്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |