
ആലപ്പുഴ: ഇരുകണ്ണുകളുടെയും കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട് ഇരുൾ മൂടിയ വർഷങ്ങൾ. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ സ്ഥാനത്ത് പൊയ്ക്കാൽ കരുത്തായ ജീവിതം, പലതവണ കീറിമുറിക്കപ്പെട്ട ശരീരം... പ്രതിന്ധികളുടെ നീണ്ട പട്ടികയെ ഓർമ്മയാക്കി, നേട്ടങ്ങളുടെ പുതുചരിത്രമെഴുതാനുള്ള തയാറെടുപ്പിലാണ് ഹരിപ്പാട് സ്വദേശി എസ്.ദീപു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ പദവി വഹിച്ചെന്ന റെക്കാഡിട്ട ഈ 48കാരൻ അടുത്തമാസം എൻറോൾ ചെയ്യുന്ന അഭിഭാഷകരുടെ കൂട്ടത്തിലുമുണ്ട്. ഹരിപ്പാട് മണ്ഡലത്തിൽ എ.വി.താമരാക്ഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കാലയളവിൽ രൂക്ഷമായ ആക്രമണത്തിന് ദീപു ഇരയായിരുന്നു. അന്ന് പതിനേഴ് വയസായിരുന്നു പ്രായം. സമരമുഖത്തെ പൊലീസ് മർദ്ദനം, ഉറക്കമില്ലാത്ത സംഘടനാപ്രവർത്തനം എന്നിവ തുടർന്നതോടെയാണ് ശരീരം അപായസൂചനകൾ നൽകി തുടങ്ങിയത്. കണ്ണിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതാണ് കാഴ്ച്ചശക്തി അപഹരിച്ചത്. 2015ന് ശേഷം ആദ്യം വലതുകണ്ണിന്റെയും തുടർന്ന് ഇടത് കണ്ണിന്റെയും കാഴ്ച ഇല്ലാതായി. 2019ൽ നടത്തിയ ശസ്ത്രക്രിയയിൽ ഇടതുകണ്ണിന്റെ കാഴ്ചശക്തി തിരികെ ലഭിച്ചു. 2021ൽ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. 2022ൽ വെയ്പ്പ് കാൽ വച്ചു. അവിടെയും തീർന്നില്ല വിധിയുടെ വിളയാട്ടം. ഓപ്പൺ ഹാർട്ട് സർജറിക്കും വിധേയനാകേണ്ടി വന്നു. 2011ൽ തിരുപ്പതി വെങ്കിടേശ്വര സർവകലാശാലയ്ക്ക് കീഴിലെ ഡോ.അംബേദ്കർ ലാ ഇൻസ്റ്റിറ്റ്യുട്ടിൽ എൽ.എൽ.ബി അഡ്മിഷനെടുത്തിരുന്നെങ്കിലും അനാരോഗ്യം കാരണം പഠനം മുടങ്ങി. കഴിഞ്ഞ വർഷമാണ് പഠനം പുനരാരംഭിച്ചത്.
ആരെയും കാണാനാകാതെ പ്രസംഗിച്ച നാളുകൾ
കാഴ്ച നഷ്ടപ്പെട്ട നാളുകളിലും സമരമുഖത്ത് സജീവസാന്നിദ്ധ്യമായിരുന്നു ദീപു. കൃത്രിമക്കാലിൽ മണിക്കൂറുകളോളം നിന്ന് പ്രസംഗിക്കും. ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ദീപു ഭിന്നശേഷി കുട്ടികൾക്കായി മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന സബർമതി സ്പെഷ്യൽ സ്കൂളിന്റെ സി.ഇ.ഒ ആണ്. ചെങ്ങന്നൂർ ചെറുകിടവ്യവസായ സഹകരണസംഘം ജീവനക്കാരി ശ്രീജയാണ് ഭാര്യ. മക്കൾ: തപസ്, തീർത്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |