
തിരുവനന്തപുരം: ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അവസാന നിമിഷം അനുമതി നൽകിയെങ്കിലും അതു ലഭ്യമാക്കാൻ കാലതാമസം വരുന്നതിനാൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഉറപ്പായി. എന്നാൽ, പവർ കട്ട് പ്രഖ്യാപിക്കില്ല.
അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഉത്പാദനം കൂട്ടി പവർകട്ട് ഒഴിവാക്കാനും കഴിയില്ല.
പീക്ക് ലോഡ് മാനേജ്മെന്റ് നടപടി അഥവാ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിൽ വൈകിട്ട് ആറുമുതൽ രാത്രി രണ്ടുവരെയുള്ള സമയങ്ങളിൽ 10 മുതൽ 30 മിനിട്ടുവരെ വൈദ്യുതി കട്ട് ചെയ്യും. മുൻകൂട്ടി അറിയിക്കില്ല. ഉപഭോഗം കൂടുന്ന മുറയ്ക്ക് പൊടുന്നനെ കറണ്ട്പോകും. എസ്.എം.എസായി അറിയിക്കാൻ ശ്രമിക്കും. ഈ സമയത്ത് ജനങ്ങൾ ഉപഭോഗം കുറച്ചാൽ കറണ്ട് കട്ട് ഒഴിവാക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി പറയുന്നു. വൈദ്യുതി ഉപഭോഗം കൂടുന്നതിന് ആനുപാതികമായി വിതരണ സംവിധാനം നവീകരിക്കാത്തതും വേനൽക്കാലത്ത് പ്രതിസന്ധിയാകുന്നുണ്ട്. ഉപഭോഗം താങ്ങാനാകാതെ ഫീഡറുകൾ ഡ്രിപ് ആകുന്നതും ട്രാൻസ്ഫോർമറുകൾ പ്രവർത്തന രഹിതമാകുന്നതും വിതരണത്തെ ബാധിക്കുന്നുണ്ട്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
രജിസ്റ്റർ ചെയ്യാൻ വൈകി
വൻവിലയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈകിയതിനാൽ, ഡേ എഹെഡ് വൈദ്യുതി വിപണിയിൽ രജിസ്റ്റർ ചെയ്യാനും വൈകി. കമ്പ്യൂട്ടർ നിയന്ത്രിത അലോട്ട്മെന്റ് ആയതിനാൽ മുൻഗണനാ നിബന്ധനകൾ പാലിച്ചേ ലഭ്യമാവൂ. ഉദാഹരണത്തിന് കൃഷി ആവശ്യത്തിന് തമിഴ്നാട് ആവശ്യപ്പെട്ടാൽ മുൻഗണന അതിനായിരിക്കും. കേരളത്തിന്റെ ഉൗഴം വരാൻ ദിവസങ്ങൾ വേണ്ടിവരും.
വേനൽ കടുത്തതോടെ രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം 249ജിഗാവാട്ടായിരുന്നു ഏപ്രിൽ മാസത്തെ ഉപഭോഗം .ഈ വർഷം 252 ജിഗാവാട്ടിലെത്തി. വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്.
525 ജിഗാവാട്ടാണ് ഇന്ത്യയിലെ വൈദ്യുതി ഉൽപാദനം. ഇതിൽ 271ജിഗാവാട്ടാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.ശേഷിക്കുന്നത് വ്യാവസായിക ആവശ്യത്തിനാണ്.
കേരളത്തിൽ വൈദ്യുതി കമ്മി
465മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതോടെ സംസ്ഥാനം വൈദ്യുതികമ്മി നേരിടുകയാണ്. ഹ്രസ്വകാല കരാർ വേണ്ടത്ര വിജയിച്ചില്ല.സ്വാപ് കരാറിനെയാണ് വേനൽക്കാലത്തെ പ്രതിസന്ധി മറികടക്കാൻ ആശ്രയിച്ചത്. ഏപ്രിൽ മാസത്തിൽ അതിന്റെ ലഭ്യതയിൽ കുറവ് വന്നതും ഉപഭോഗം പ്രതീക്ഷിച്ചതിലും കൂടിപ്പോയതും മൂലം 600മെഗാവാട്ട് കമ്മിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |