
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് വാർഷിക ഫീസിന് പകരം കോഴ്സ് ഫീസ് ഈടാക്കാൻ നീക്കം. നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശം മറികടക്കാനാണിത്.
അധികമായി ഈടാക്കിയ അരവർഷത്തെ ഫീസ് തിരികെ നൽകണമെന്ന് മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം 3.3മുതൽ ആറുലക്ഷം വരെ കോളേജുകൾ തിരികെ നൽകേണ്ടി വരും. ചില കോളേജുകൾ അഞ്ചര വർഷത്തെ ഫീസ് വരെ ഈടാക്കിയിട്ടുണ്ട്. ഇതിനെതിരേ ഹൈക്കോടതിയിൽ നിന്ന് മൂന്നുമാസത്തെ സ്റ്റേ നേടിയിരിക്കുകയാണ് കോളേജുകൾ. ഓരോ വർഷത്തേക്കും ഫീസ് നിശ്ചയിക്കുന്നതിന് പകരം കോഴ്സിനാകെയുള്ള ഫീസ് നിശ്ചയിക്കണമെന്ന മാനേജ്മെന്റുകളുടെ അപേക്ഷ, ഫീ റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം പാലിക്കണമെന്ന് മാനേജ്മെന്റുകളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കെയാണ് വാർഷികഫീസ് മാനദണ്ഡം വേണ്ടെന്ന് കോളേജുകൾ ആവശ്യപ്പെട്ടത്. ജസ്റ്റിസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റി കോഴ്സ് ഫീസ് നിശ്ചയിച്ചാൽ വിദ്യാർത്ഥികളിൽ നിന്ന് തവണകളായി ഈടാക്കാമെന്നാണ് മാനേജ്മെന്റുകൾ അറിയിച്ചിട്ടുള്ളത്. അരക്കൊല്ലത്തെ ഫീസ് തിരികെ നൽകണമെന്ന കമ്മിഷൻ നിർദ്ദേശത്തിനെതിരായ കേസിൽ, മൊത്തം കോഴ്സ് ഫീസ് അഞ്ച് തവണകളായി വാങ്ങുന്നതാണെന്നും അഞ്ച് വർഷത്തെ ഫീസല്ല വാങ്ങുന്നതെന്നുമാണ് മാനേജ്മെന്റുകൾ വാദിച്ചത്. 19 സ്വാശ്രയ കോളേജിൽ 2745 സീറ്റുകളുണ്ട്. 85% സീറ്റുകളിൽ 6.61ലക്ഷം മുതൽ 7.65ലക്ഷം രൂപവരെയാണ് ഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷമാണ് വാർഷികഫീസ്.
ഫീസ് നിശ്ചയിക്കാൻ
സമിതിയില്ല
ജസ്റ്റിസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെങ്കിലും പുതിയത് രൂപീകരിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടന്റ്, വിദ്യാഭ്യാസ വിദ്ഗദ്ധൻ എന്നിവരാണ് സമിതിയിലുണ്ടാവേണ്ടത്.
സമിതിയുടെ കാലാവധി 2025 ജൂണിൽ തീർന്നതാണ്. അടുത്ത സമിതി നിലവിൽ വരുന്നതുവരെ അദ്ധ്യക്ഷൻ തുടരണമെന്ന് വ്യവസ്ഥയുള്ളതിനാൽ ജസ്‌റ്റിസ് കെ.കെ. ദിനേശൻ മാത്രം തുടരുന്നു. സമിതിക്ക് ക്വാറം തികയാത്തതിനാൽ ഫീസ് നിശ്ചയിക്കാനാവില്ല.
''നാലര വർഷത്തെ ഫീസേ വാങ്ങാവൂ എന്ന് സ്വാശ്രയ മാനേജ്മെന്റുകളോട് നിർദ്ദേശിച്ചു. ഫീസ് പുതുക്കി നിശ്ചയിക്കും.""
കെ.മുരളീധരൻ
ആരോഗ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |