SignIn
Kerala Kaumudi Online
Saturday, 16 May 2026 5.16 AM IST

ജല വൈദ്യുതിയെ തോല്പിച്ച് സോളാർ,​ ഉത്പാദനശേഷി മറികടന്നു പുരപ്പുറ സോളാറിന് നന്ദി

solar

തിരുവനന്തപുരം: ശുഭ വാർത്ത. സംസ്ഥാനത്ത് ജലവൈദ്യുത ഉത്പാദന ശേഷിയെ സോളാർ മറികടന്നു. കൊള്ളയടി വൈദ്യുതി ബില്ലിൽ നിന്ന് രക്ഷനേടാൻ കൂടുതൽ പേർ പുരപ്പുറ സോളാറിലേക്ക് മാറുകയാണ്. ഇടുക്കി ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. മാർച്ച് 31ന് സോളാർ ശേഷി 2215.59 മെഗാവാട്ട് പിന്നിട്ടു.

ജലവൈദ്യുതിയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന കെ.എസ്.ഇ.ബിക്ക് നിത്യോപയോഗത്തിന്റെ കേവലം 20 ശതമാനമേ ഇതുവഴി കിട്ടുന്നുള്ളൂ. ബാക്കി യൂണിറ്റിന് 10 രൂപയ്ക്കുമേൽ നൽകി പുറത്തു നിന്ന് വാങ്ങുകയാണ്. ഇത് ഭീമമായ നഷ്ടത്തിനും ജനത്തിനുമേൽ സർചാർജ് ഭാരത്തിനും ഇടയാക്കുന്നു.

2024-25ൽ ജലവൈദ്യുത പദ്ധതിയിൽ കൂട്ടിച്ചേർക്കാനായത് 100 മെഗാവാട്ട് മാത്രം. അതേസമയം,​ ഇക്കാലയളവിൽ സോളാറിൽ അധികം ഉത്പാദനം 566.53 മെഗാവാട്ടാണ്.

കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതിയാണ് സോളാർ വ്യാപനത്തിന് ആക്കം കൂട്ടിയത്. സാധാരണ വീടിന് ആവശ്യം 3 കിലോ വാട്ടിന്റെ സോളാർ പ്ളാന്റാണ്. ഇതിന് രണ്ടു ലക്ഷം ചെലവാകുമ്പോൾ 78,​000 രൂപവരെ കേന്ദ്ര സബ്സിഡി കിട്ടും.

സോളാർ ശേഷി
 പുരപ്പുറ പ്ലാന്റുകൾ: 1850.4 മെഗാവാട്ട്
 ഗ്രൗണ്ട് മൗണ്ടഡ് പ്ലാൻറുകൾ: 340.26 മെഗാവാട്ട്
 ഓഫ്ഗ്രിഡ് സോളാർ: 24.93 മെഗാവാട്ട്
 ആകെ : 2215.59 മെഗാവാട്ട്

12749.65

കോടി

2024-25ൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ ചെലവിട്ട തുക

സോളറിനെ

പഴിക്കരുത്

പകൽ മാത്രം ഉത്പാദനമുള്ള സോളാർ വൈദ്യുതികൊണ്ട് രാത്രി പീക്ക് സമയത്ത് ഗുണമില്ലെന്നാണ് വൈദ്യുതി ബോർഡിന്റെ ആക്ഷേപം. സോളർ ഉത്പാദകർ പകൽ നൽകുന്ന വൈദ്യുതിക്ക് പകരം വിലകൂടിയ വൈദ്യുതി രാത്രി തിരിച്ചുകൊടുക്കുന്നത് നഷ്ടമാണെന്നും വാദിക്കുന്നു. ഇതിൽ കഴമ്പില്ല. പകൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി രാത്രി നാലു മണിക്കൂർവരെ ശേഖരിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സ്ഥാപിച്ച് പരിഹാരം കാണാനാവും. എന്തായാലും,​ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ സ്റ്റോറേജ് ബാറ്ററി സംവിധാനം സർക്കാർ ഒരുക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കണം.

അണക്കെട്ടുകളിലെ

സോളാറിനോടും മടി

ജലാശയങ്ങളിൽ ഫ്ളോട്ടിംഗ് സോളാർ പാനലുകൾ വ്യാപകമാക്കുന്നതിലും ബോർഡിന് മെല്ലെപ്പോക്കാണ്. വയനാട് ബാണാസുര അണക്കെട്ടിൽ 500 കിലോ വാട്ടിന്റെ പ്ളാന്റ് വിജയകരമാണ്. കൂടുതൽ ഡാമുകളിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA