തിരുവനന്തപുരം: പൊടിയും ചെളിയും പിടിച്ച 500ലധികം സൈൻ ബോർഡുകൾക്കാണ് കണ്ണൂർ ഇരിട്ടി സ്വദേശി എം. വിവേകാനന്ദൻ വഴികാട്ടിയത്. വൈകിട്ട് നാലു മണിയായാൽ ക്ലീനിംഗ് ലിക്വിഡും തുണിയും പെയിന്റ് ബ്രഷുമെടുത്ത് ഈ ഇരുപത്തിയെട്ടുകാരൻ റോഡിറങ്ങും. ചെളി പിടിച്ച് കാടുകയറിയ റോഡരികിലെ സൈൻ ബോർഡുകളും കോൺവെക്സ് മിററുകളും വൃത്തിയാക്കും. റോഡിൽ മാഞ്ഞുപോയ മുന്നറിയിപ്പ് രേഖകൾ പെയിന്റ് ചെയ്യും.
മേരിഗിരി ഐ.ടി.ഐയിലെ ഓട്ടോമൊബൈൽ ഇൻസ്ട്രക്‌ടറാണ് വിവേകാനന്ദൻ. ജോലി സമയം കഴിഞ്ഞും ശനി, ഞായർ ദിവസങ്ങളിലുമാണ് വൃത്തിയാക്കൽ. പൊടിപിടിച്ച് വായിക്കാൻ കഴിയാതിരുന്ന സൈൻ ബോർഡ് കണ്ടപ്പോഴായിരുന്നു വിവേകാനന്ദന്റെ മനസിൽ വൃത്തിയാക്കൽചിന്ത ഉദിച്ചത്. രണ്ടു വർഷം മുൻപൊരു യാത്രയ്‌ക്കിടെയായിരുന്നു അത്.
500ലധികം സൈൻ ബോർഡുകളും 60 കോൺവെക്സ് മിററുകളും 50ലധികം സ്‌പീഡ് ബ്രേക്കറുകളും വിവേകാനന്ദൻ വൃത്തിയാക്കി. കണ്ണൂരിലായിരുന്നു വൃത്തിയാക്കൽ കൂടുതൽ.
സേവനം സ്വന്തം ചെലവിൽ
മാമാനം അമ്പലത്തിനു സമീപത്തെ ഫുട്പാത്ത് വൃത്തിയാക്കിയതാണ് വിവേകാനന്ദന്റെ സേവനങ്ങളിൽ വലിയ ബുദ്ധിമുട്ടായത്. ഉച്ചയ്‌ക്കാരംഭിച്ച ശുചീകരണം വൈകിട്ട് ആറു വരെ നീണ്ടു. വൃത്തിയാക്കാനുള്ള ക്ലീനിംഗ് ലിക്വിഡ്, ബ്രഷ്, പെയിന്റ് എന്നിവയെല്ലാം സ്വന്തം ചെലവിൽ വാങ്ങും. ആദ്യം വെറുമൊരു ഇഷ്ടം മാത്രമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയോകൾക്ക് വലിയ പ്രതികരണം ലഭിച്ചതോടെയാണ് വീണ്ടും ചെയ്യാൻ പ്രചോദനമായത്. ഇരിട്ടി പടിയൂർ ശ്രീരാമപുരം വീട്ടിൽ മുരുകന്റെയും രാജിയുടെയും മകനാണ് വിവേകന്ദൻ. സഹോദരി എം. വിന്ധ്യയും പിന്തുണയായി കൂടെയുണ്ട്.
'വൃത്തിയാക്കുന്നത് അധികാരികളെ കുറ്റപ്പെടുത്താനല്ല. ഒരാൾക്കെങ്കിലും പ്രചോദനമാകുന്നുവെങ്കിൽ അതാണ് വലിയ സന്തോഷം".
- വിവേകാനന്ദൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |