SignIn
Kerala Kaumudi Online
Saturday, 30 May 2026 5.50 PM IST

മിൽമ ഏജന്റുമാർ സമരത്തിലേക്ക്

ആലപ്പുഴ: കാലാനുസൃതമായ കമ്മിഷൻ വർദ്ധനവോ ക്ഷേമനിധിയോ പെൻഷൻ ആനുകൂല്യങ്ങളോ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ഏജന്റുമാർ സമരത്തിനൊരുങ്ങുന്നു. മിൽമ ചെയർമാനും ക്ഷീര വികസന വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനങ്ങൾ അവഗണിക്കപ്പെട്ട സാഹചര്യത്തിൽ പാലുൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനാണ് നീക്കം.

വാൻ വിതരണക്കാരിൽ നിന്ന് പാലെടുത്ത് വിൽപ്പന നടത്തുന്നവരെ കൂടാതെ ചെറുതും വലുതുമായ 1800 ലധികം ഏജന്റുമാരാണ് ആലപ്പുഴജില്ലയിൽ മിൽമയ്ക്ക് നേരിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ മിൽമ റിച്ചിനുള്ള 10 ശതമാനമൊഴിച്ചാൽ വിവിധ ഇനം പാലുകൾക്ക് അതിൽ താഴെയാണ് കമ്മിഷൻ. പന്ത്രണ്ട് വർഷമായി ലഭിച്ചുവന്നിരുന്ന നാലുശതമാനം കമ്മിഷനിൽ തുച്ഛമായ വർദ്ധനവാണുണ്ടായത്. കമ്മിഷൻ വർദ്ധിപ്പിക്കണമെന്ന് പല തവണ ഏജന്റുമാർ സർക്കാരിനോടും മിൽമയോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ്, ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ, ലേബർ രജിസ്ട്രേഷൻ ചാർജ്, ലീഗൽ മെട്രോളജിയുടെ ഫീസ്, വൈദ്യുതി ചാർജ്, കെട്ടിട നികുതി, കെട്ടിട വാടക, തൊഴിൽകരം എന്നിവയെല്ലാം തുച്ഛമായ കമ്മിഷനിൽ നിന്നാണ് നൽകേണ്ടത്. വർഷങ്ങൾക്ക് മുമ്പ് ഏജൻസിയെടുത്ത മിൽമ ഏജന്റുമാരിൽ മിക്കവരും 60 വയസ് കഴിഞ്ഞവരാണ്. പ്രായപരിധി പിന്നിട്ടതിനാൽ ഇവരിൽ പലരും ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങൾക്കും അനർഹരാണ്.

.

മിൽമ ഉൽപ്പന്നങ്ങളുടെ വിലയും കമ്മിഷനും

മിൽമ റിച്ച് (1ലിറ്റർ) .................. 60 രൂപ ...6 രൂപ

മിൽമ പ്രൈം(അരലിറ്റർ)...........28 രൂപ....1.68 പൈസ

മിൽമ ടോൺഡ്(അരലിറ്റർ)......29രൂപ.....1.30പൈസ

തൈര്........(അരലിറ്റർ)..............35രൂപ.....3.70 പൈസ

ജില്ലയിൽ ഏജന്റുമാർ : 1800

കമ്മിഷൻ 12 ശതമാനമാക്കണം

 പാൽ വില വർദ്ധിപ്പിക്കുമ്പോൾ നിലവിലെ കമ്മിഷൻ 12 ശതമാനമാക്കുക

 ഇൻസന്റീവ് പുനസ്ഥാപിച്ച് ഓണക്കാലത്ത് വിതരണം ചെയ്യുക

 ഏജന്റ് മരണപ്പെട്ടാൽ കുടുംബത്തിന് അരലക്ഷം രൂപ സാമ്പത്തിക സഹായം നൽകുക

 ഏജന്റുമാർക്ക് ചികിത്സാ കാർഡ് മുഖേന കുറ്റമറ്റ ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കുക

...............................................

ക്ഷേമനിധി ആനുകൂല്യങ്ങളൊന്നുമില്ലാത്ത മിൽമ ഏജന്റുമാർക്ക് പെൻഷൻ നൽകാനോ മരണപ്പെട്ടാൽ വീട്ടിലെത്തി ഒരു റീത്ത് വയ്ക്കാനോ പോലും മിൽമ തയ്യാറല്ല. ഏജന്റുമാരെ അവഗണിക്കുന്ന മിൽമയുടെ നടപടിയ്ക്കെതിരെ ഉൽപ്പന്നം ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികൾ ആലോചിച്ചുവരികയാണ്

-രാജു.കെ.എം. ഏജന്റുമാരുടെ പ്രതിനിധി

.....................................

പാൽ വില വർദ്ധിപ്പിക്കുന്നതിൽ സർക്കാരാണ് തീരുമാനം കൈക്കൊള്ളുന്നത്. വില വർദ്ധനവിനാനുപാതികമായി സർക്കാരാണ് കമ്മിഷനും നിശ്ചയിക്കുന്നത്. ഗുണനിലവാരനിബന്ധനകളൊന്നും ബാധകമല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സമാനമായ കമ്മിഷൻ നൽകാൻ സഹകരണ മാർക്കറ്റിംഗ് സ്ഥാപനമായ മിൽമയ്ക്ക് കഴിയില്ല. ഏജന്റുമാരുടെ പ്രശ്നങ്ങളെ അനുഭാവ പൂർവം പരിഗണിച്ച് പരിഹാരം കാണാൻ ശ്രമിക്കും. -- മാർക്കറ്റിംഗ് വിഭാഗം , മിൽമ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL