SignIn
Kerala Kaumudi Online
Sunday, 31 May 2026 8.23 AM IST

ആശാപ്രവർത്തകരുടെ സമരം,​ ആരോഗ്യപ്രവർത്തനം തകിടം മറിഞ്ഞു

ആലപ്പുഴ: ആശാപ്രവർത്തകരുടെ സമരം ശക്തിപ്രാപിച്ചതോടെ ഓരോ വാർഡിലെയും ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്ന കണക്കുപുസ്തകം അടഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ഫീൽഡ് ഡ്യൂട്ടി വരെ നീളുന്ന ആശമാരുടെ പ്രവർത്തനം തകിടം മറിഞ്ഞിട്ട് രണ്ടാഴ്ച്ചയായി. സാമൂഹിക, ആരോഗ്യ ബോധവത്കരണം, ഗർഭിണികളുടെ രജിസ്ട്രേഷൻ, മരുന്ന് വിതരണം, കുട്ടികളുടെ ജനന രജിസ്ട്രേഷൻ, പ്രതിരോധ കുത്തിവയ്പ്പിനുള്ള സഹായം, കിടപ്പുരോഗികൾക്ക് സഹായമെത്തിക്കുക തുടങ്ങി നാടിനായി ഓരോ ആശമാരും ചെയ്തിരുന്ന സേവനങ്ങൾ ഇതോടെ നിലച്ചിരിക്കുകയാണ്.ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർമാർക്ക് ജോലി ഭാരവും കൂടുകയും ചെയ്തു. യുവാക്കളിൽ ഹൃദ്രോഗവും ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നടത്തിവന്ന രക്തസമ്മർദ്ദം,​ പ്രമേഹം എന്നിവയുടെ പരിശോധനയും മുടങ്ങി.

പ്രൈമറി ഹെൽത്ത് സെന്ററുകളിലെ ഡ്യൂട്ടി, സബ് സെന്ററുകളിലെ ഡ്യൂട്ടി, നവജാത ശിശുക്കളെയും ഗർഭിണികളയും സംബന്ധിച്ച ആന്റിനേറ്റൽ ഡ്യൂട്ടി, ജീവിത ശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായ എൻ.സി.ഡി ഡ്യൂട്ടി, പ്രതിരോധ കുത്തിവയ്പ്പ് ഡ്യൂട്ടി, ഓരോ മാസവും ഫീൽഡ്തല പരിശോധന തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ചുമതലകളാണ് ആശവർക്കർമാർക്കുമുള്ളത്. പ്രാദേശിക ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കി വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കണം.

7000 തികച്ചുകിട്ടാൻ കടമ്പകളേറെ

1.സബ് സെന്റർ തലത്തിൽ ആഴ്ചകളിലും, പി.എച്ച്.സി തലത്തിൽ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിമാസ റിവ്യു മീറ്റിംഗിന് പുറമേ, ജില്ലാതലത്തിൽ നടക്കുന്ന പ്രതിമാസ കോൺഫറൻസിലും,സംസ്ഥാനതലത്തിലെ പ്രതിമാസ റിവ്യു മീറ്റിംഗിലും ആശമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തും

2.ഇവയിൽ ഏതെങ്കിലും ഘട്ടത്തിൽ ജോലിയിൽ എന്തെങ്കിലും കുറവെന്ന് രേഖപ്പെടുത്തിയാൽ ഓണറേറിയം തുകയിൽ വെട്ടിക്കുറയ്ക്കും. ലഭിക്കുന്ന തുച്ഛമായ ഓണറേറിയത്തിൽ നിന്ന് വേണം സർവ്വേകൾക്കുള്ള ബുക്കും പേപ്പറും പേനയും മുതൽ സകല സാധനങ്ങളും വാങ്ങുവാൻ.

3.നവജാത ശിശുക്കൾ, ഗർഭിണികൾ എന്നിവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുക,​ നിരോധ്, ഗർഭനിരോധന ഗുളികകൾ, ഒ.ആർ.എസ്, ക്ഷയരോഗ മരുന്ന് തുടങ്ങിയവയുടെ പ്രാദേശിക വിതരണം എന്നിവയും ചുമതലയാണ്. കിലോമീറ്ററുകൾ നടന്നുള്ള ജോലിയിൽ കൈയ്ക്കും കാലിനും തേയ്മാനം വന്നവർ ഏറെയാണെന്ന് ആശമാർ പറയുന്നു

ആശമാരുടെ

ചുമതലകൾ

 ബോധവത്ക്കരണം

 ഗർഭിണികളുടെ രജിസ്ട്രേഷൻ

 ഗർഭകാല ശുശ്രൂഷ, മരുന്ന് വിതരണം

 ജീവിതശൈലീ രോഗ സർവ്വേ

 കുട്ടികളുടെ ജനന രജിസ്ട്രേഷൻ

 പ്രതിരോധ ചികിത്സ സഹായം

ജോലിക്ക് അനുസരിച്ചുള്ള ഓണറേറിയം ഒരിക്കലും ലഭിച്ചിട്ടില്ല. ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി തുക വെട്ടിക്കുറയ്ക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. സർവ്വേയ്ക്കിറങ്ങുമ്പോൾ വെള്ളം വാങ്ങിക്കുടിക്കാൻ പോലും പണം തികയാറില്ല

-മോഹിനി, ആശാപ്രവർത്തക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL