SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

തുമ്പൂർമുഴി മോഡൽ ഹിറ്റ്, വില്പനയ്ക്ക് 15 ടൺ വളം

ആലപ്പുഴ : മാലിന്യം ജൈവവളമാക്കുന്ന തുമ്പൂർമുഴി മോഡൽ ഹിറ്റായതോടെ, മാലിന്യസംസ്കരണത്തിലൂടെ ലഭിച്ച 15ടൺ ജൈവവളം ആലപ്പുഴ നഗരസഭയിൽ വില്പനയ്ക്ക് തയ്യാറായി. വിൽപ്പനയുടെ ഉദ്ഘാടനം 17ന് മുൻമന്ത്രി തോമസ് ഐസക് നിർവഹിക്കും.

2013ലാണ് ആലപ്പുഴ നഗരത്തിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ സംവിധാനത്തിന്റെ തുടക്കം. തോമസ് ഐസക്കാണ് പദ്ധതിയ്ക്ക് ചുക്കാൻ പിടിച്ചത്. മാലിന്യങ്ങൾ കവറിലാക്കി പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് പകരം ഉറവിടങ്ങളിൽ തന്നെ മാലിന്യ സംസ്കരണം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വീടുകളിൽ ബയോ ബിന്നുകളും വാർഡുകൾതോറും എയ്റോബിക് ബിന്നുകളും സ്ഥാപിച്ചു. ഓരോവാർഡിലും നിശ്ചിതസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എയ്റോബിക് ബിന്നുകളിലേക്ക് ജൈവ മാലിന്യങ്ങളെത്തിക്കാനും ശാസ്ത്രീയമായി അവ സംസ്ക്കരിക്കാനുമുള്ള സംവിധാനം സജ്ജമാക്കിയതുമാണ് പദ്ധതിയുടെ വിജയം. എയ്റോബിക് യൂണിറ്റുകളിൽ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കരിയിലയുൾപ്പെടെയുള്ളവയുമായി കൂട്ടിക്കലർത്തി നിശ്ചിതദിവസം കൂട്ടിയിട്ട് ഒരുമാസം കഴിയുമ്പോൾ കൺവെയർ ബെൽറ്റ് വഴി കടത്തിവിട്ട് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ തരംതിരിച്ച് ഷ്രഡിംഗ് മെഷീന്റെ സഹായത്തോടെ പൊടിച്ച് ചെറിയ തരികളാക്കി അരിച്ചാണ് വിൽപ്പനയ്ക്ക് സജ്ജമാക്കിയിട്ടുള്ളത്. കാർഷിക സർവകലാശാലയിൽ നിന്നുള്ള പരിശോധനാഫലവും വളത്തിന്റെ ഗുണമേൻമയുടെ സാക്ഷ്യപ്പെടുത്തലായുണ്ട്.

പ്രതിദിനം 40ടൺ മാലിന്യം

 52 വാർഡുകളിൽ നിന്ന് 40ടൺ മാലിന്യമാണ് പ്രതിദിനം പുറന്തള്ളുന്നത്

 ഇതിൽ 50 ശതമാനം വീടുകളിലെ ബയോബിന്നുകളിൽ സംസ്കരിക്കും

 22ശതമാനം കൊമേഴ്സ്യൽ വേസ്റ്ര് കരാറുകാർ മുഖേന നീക്കം ചെയ്യും

 ശേഷിക്കുന്ന 28ശതമാനം (10-12 ടൺ) എയ്റോബിക് യൂണിറ്റുകളിലെത്തും

 37എയ്റോബിക് യൂണിറ്റുകളിലെ 385ബിന്നുകളിലെ മാലിന്യമാണ് വളമാക്കിയത്

വളത്തിന് ആവശ്യക്കാർ

ഡോ.കെ.ജി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കുട്ടനാട്ടിലെ കാർഷിക സൊസൈറ്റിയുൾപ്പെടെ നിരവധി കാർഷിക ഗ്രൂപ്പുകളും സംഘടനകളും കർഷകരും വളത്തിന് ആവശ്യക്കാരായി എത്തിയിട്ടുണ്ട്. ചില്ലറവിൽപ്പനയിൽ കിലോഗ്രാമിന് 30 രൂപയും മൊത്തനിരക്കിൽ 200 കിലോയ്ക്ക് മുകളിൽ ആവശ്യമുള്ളവർക്ക് കി.ഗ്രാമിന് 15 രൂപ നിരക്കിലും നൽകും.

എയ്റോബിക് യൂണിറ്റുകൾ

37

യൂണിറ്റുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങൾ

ആലിശേരി, എസ്.ഡി കോളേജ്, കൊട്ടാരപ്പാലം, കളക്ട്രേറ്റ്, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി, ബാപ്പുവൈദ്യർ, റിക്രിയേഷൻ ഗ്രൗണ്ട്, ടൗൺ ഹാൾ, നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരം, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ജില്ലാകോടതി, ഫിനിഷിംഗ് പോയിന്റ്

തുമ്പൂർമുഴി മോഡൽ വിജയകരമായതിന്റെ ഫലമാണ് ആലപ്പുഴയെ മാലിന്യ മുക്തമാക്കി നിലനിർത്താൻ സഹായിച്ചത്. ജനങ്ങളുടെയും ജീവനക്കാരുടെയും സഹകരണമാണ് പദ്ധതിയുടെ വിജയം

- കെ.കെ. ജയമ്മ, നഗരസഭ ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL